പ്രഭാസ് (Prabhas) ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് 'സലാർ' ടീസറെത്തി (Salaar teaser). 'കെജിഎഫ്' (KGF) സംവിധായകന്‍ പ്രശാന്ത് നീൽ (Prashant Neel) ഒരുക്കുന്ന പുതിയ സലാര്‍ പാര്‍ട്ട് 1 - സീസ് ഫയറിന്‍റെ (Salaar Part 1 – Ceasefire) ടീസർ ഇന്ന് (ജൂലൈ ആറ് വ്യാഴം) രാവിലെ 5.12നാണ് നിർമാതാക്കൾ പുറത്തുവിട്ടത്. ഹോംബാലെ ഫിലിംസിന്‍റെ (Hombale Films) യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ടീസര്‍ മികച്ച പ്രതികരണമാണ് നേടുന്നത്.
- " class="align-text-top noRightClick twitterSection" data="">
മറ്റൊരു 'കെജിഎഫ്' ആണോ ഇതെന്നാണ് ടീസർ കണ്ട് പ്രേക്ഷകർ ചോദിക്കുന്നത്. 'കെജിഎഫ്' പോലെ ഒരു മാസ് ആക്ഷന്‍ ചിത്രം തന്നെയാകും 'സലാർ' എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. തെലുഗു 'റെബൽ സ്റ്റാർ' പ്രഭാസ് നായകനാകുന്ന ചിത്രത്തില്‍ മലയാളത്തിന്‍റെ പ്രിയ നടൻ പൃഥ്വിരാജും (Prithviraj) പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ടീസറിന്‍റെ അവസാന ഭാഗത്ത് മാസായി പ്രത്യക്ഷപ്പെടുന്ന പൃഥ്വി കയ്യടി നേടുന്നു. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രത്തില്‍ 'വരദരാജ മന്നാര്‍' എന്ന പ്രതിനായക കഥാപാത്രത്തിനാണ് പൃഥ്വിരാജ്, ജീവൻ പകരുന്നത്. അതേസമയം ചിത്രത്തില്‍ പ്രഭാസ് ഇരട്ട വേഷത്തിലാകും എത്തുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
'കാന്താര, കെജിഎഫ്' തുടങ്ങിയ സിനിമകൾ അണിയിച്ചൊരുക്കിയ വിജയ് കിരാഗന്ദൂറിന്‍റെ (Vijay Kiragandur) ഉടമസ്ഥതയിലുള്ള ഹോംബാലെ ഫിലിംസ് നിർമിക്കുന്ന 'സലാര്‍ പാര്‍ട്ട് 1 സീസ് ഫയർ' സെപ്റ്റംബർ 28ന് തിയേറ്ററുകളിലെത്തും. തെലുഗു, കന്നട, തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം പ്രേക്ഷകർക്കരികില്‍ എത്തുക. ഭുവൻ ഗൗഡ ഛായാഗ്രാഹണം നിർവഹിക്കുന്ന സലാറിൽ ശ്രുതി ഹാസനാണ് (Shruthi Haasan) ചിത്രത്തില്‍ നായിക. ജഗപതി ബാബുവും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്.
ചിത്രത്തിന്‍റെ ഓരോ അപ്‌ഡേറ്റുകൾക്കായും വലിയ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കാറ്. അതിനിടെ സിനിമയെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾക്കായുള്ള ആരാധകരുടെ നിരന്തര സമ്മർദത്തെ തുടർന്ന് സംവിധായകൻ പ്രശാന്ത് നീലും നിർമാതാവ് വിജയ് കിരഗന്ദൂരും തങ്ങളുടെ ട്വിറ്റർ അക്കൗണ്ടുകൾ പ്രവർത്തനരഹിതമാക്കിയ റിപ്പോർട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.
അതേസമയം സിനിമയുടെ ടീസർ വ്യാഴാഴ്‌ച രാവിലെ കൃത്യം 5.12ന് നിർമാതാക്കൾ പുറത്തുവിട്ടതിന് പിന്നിലെ രസകരമായ കാരണം കണ്ടെത്തിയിരിക്കുകയാണ് ചില യൂട്യൂബര്‍മാരും പ്രേക്ഷകരും. കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ടീസര്‍ പുലര്‍ച്ചെ 5.12ന് പുറത്തുവിടും എന്ന് നിർമാതാക്കൾ വ്യക്തമാക്കിയിരുന്നു. സംവിധായകന്‍ പ്രശാന്ത് നീല്‍, കെജിഎഫും സലാറും തമ്മിലുള്ള ബന്ധമാണ് ഇതിലൂടെ കാണിക്കുന്നത് എന്നാണ് പ്രേക്ഷകരുടെ കണ്ടെത്തല്‍. കെജിഎഫ് 2 ക്ലൈമാക്‌സില്‍ യഷ് അവതരിപ്പിച്ച നായക കഥാപാത്രമായ റോക്കി ഭായി, സ്വര്‍ണത്തിനൊപ്പം കടലില്‍ മുങ്ങിപ്പോകുന്ന രംഗത്തില്‍ കാണിക്കുന്ന ക്ലോക്കിലെ സമയം 5.12 ആയിരുന്നു.
രവി ബസ്രുർ (Ravi Basrur) ആണ് 'സലാറി'ലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. അൻബറിവാണ് (Anbarivu) ആക്ഷൻ കൊറിയോഗ്രഫി. ഉജ്വൽ കുൽക്കർണി (Ujwal Kulkarni) ആണ് ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്.