പ്രഭാസിനെ നായകനാക്കി ബ്രഹ്മാണ്ഡ സിനിമകളുടെ അമരക്കാരൻ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സലാർ'. സിനിമാസ്വാദകരും ആരാധകരും ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ പുതിയ ട്രെയിലർ സൈബറിടത്തിൽ തരംഗമാവുകയാണ്. ഡിസംബർ 22ന് 'സലാർ' ലോകമൊട്ടാകെയുള്ള തിയേറ്ററുകളിൽ റിലീസിനെത്തും.
- " class="align-text-top noRightClick twitterSection" data="">
സിനിമയ്‌ക്കായി കാത്തിരിക്കുന്ന ആരാധകരുടെ ചങ്കിടിപ്പേറ്റുന്നതാണ് പുതിയ ട്രെയിലർ. ഹോംബാല ഫിലിംസിന്‍റെ യൂട്യൂബ് ചാനലിലൂടെ കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയിലർ ഇതിനോടകം 53 ലക്ഷത്തോളം കാണികളെ സ്വന്തമാക്കി കഴിഞ്ഞു. തിയേറ്ററുകളിൽ മികച്ച ' 'വിഷ്വൽ ട്രീറ്റ്' തന്നെയാകും 'സലാർ' എന്ന് അടിവരയിടുകയാണ് ട്രെയിലർ.
'കെജിഎഫ്' ഫ്രാഞ്ചൈസിക്ക് പിന്നാലെ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സലാർ'. പ്രഭാസിനൊപ്പം മലയാളികളുടെ സ്വന്തം പൃഥ്വിരാജും 'സലാറി'ൽ സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 'വരധരാജ് മന്നാർ' എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. മലയാളികളും ഏറെ പ്രതീക്ഷയോടെയാണ് 'സലാറി'ന്‍റെ വരവിനായി കാത്തിരിക്കുന്നത്.
നേരത്തെ പുറത്തുവന്ന വരധരാജ് മന്നാറിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ തരംഗം തീർത്തിരുന്നു. സൗഹൃദകഥ പറയുന്ന ചിത്രത്തിൽ 'ദേവ' എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുക. രണ്ട് ഭാഗങ്ങളായിട്ടാണ് 'സലാർ' പ്രേക്ഷകരിലേക്ക് എത്തുന്നത്. ആദ്യ ഭാഗമായ 'സലാർ പാർട്ട് 1- സീസ്‌ഫയറി'ലൂടെ രണ്ടു സുഹൃത്തുക്കളുടെ കഥയുടെ പാതി പ്രേക്ഷകരിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ഒരുക്കം.
ഹോംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ നിർമിച്ച ചിത്രം പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. ശ്രുതി ഹാസൻ നായികയാകുന്ന 'സലാറി'ൽ ജഗപതി ബാബു, ഈശ്വരി റാവു, ശ്രിയ റെഡി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
സിനിമയ്‌ക്ക് സംഗീതം പകരുന്നത് രവി ബസ്രൂർ ആണ്. ഭുവൻ ഗൗഡ ഛായാഗ്രഹണവും ഉജ്വൽ കുൽകർണി എഡിറ്റിംഗും നിർവഹിക്കുന്നു. 'കെജിഎഫ് ചാപ്‌റ്റര്‍ 2' സിനിമയുടെ എഡിറ്ററും ഇദ്ദേഹം ആയിരുന്നു. രണ്ട് മണിക്കൂറും 55 മിനിറ്റും ദൈര്‍ഘ്യമുള്ള 'സലാറി'ന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച വിവരം അടുത്തിടെയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
അൻപറിവ് മാസ്റ്റേഴ്‌സാണ് ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിലെ സംഘട്ടന രംഗങ്ങൾക്ക് പിന്നിൽ. പ്രൊഡക്ഷൻ ഡിസൈനർ - ടി എൽ വെങ്കടചലപതി, കോസ്റ്റ്യൂംസ് – തോട്ട വിജയ് ഭാസ്‌കർ, വി എഫ് എക്‌സ് – രാഖവ് തമ്മ റെഡ്‌ഡി. മാർക്കറ്റിംഗ് - ബ്രിങ്ഫോർത്ത് അഡ്വർടൈസിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ് - ഒബ്‌സ്‌ക്യൂറ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
ALSO READ: വളരെ വലുതും ഗംഭീരവും; 'സലാർ - കെജിഎഫ്' താരതമ്യത്തിൽ പ്രതികരിച്ച് പൃഥ്വിരാജ്