ETV Bharat / entertainment

പകര്‍ന്നാട്ടങ്ങളിലെ മമ്മൂട്ടി : ഉള്ളഴിഞ്ഞൊഴുകിയ അഭിനയ ഭാവുകത്വം - സേതുരാമയ്യര്‍

സാധാരണക്കാരന്‍റെ നിസ്സഹായവസ്ഥകളിലേക്കുള്ള മൂര്‍ത്തമായ ഉടല്‍മാറ്റമാണ് മമ്മൂട്ടിയെ വേറിട്ടടയാളപ്പെടുത്തുന്നത്. അത്രമേല്‍ സ്‌ഫുടമായാണ് ആ താരശരീരത്തില്‍ ദൈന്യമനുഷ്യന്‍ ഉയിരെടുക്കുന്നത്. കഥാപാത്രത്തെ വരിച്ച് ഏറുകയോ കുറയുകയോ ചെയ്യാത്തയളവില്‍ ഉള്ളഴിച്ച് അഭിനയിക്കുന്ന സമഗ്രത കാണാം.

mammootty  mammootty birthday  mammootty movies  മമ്മൂട്ടി  മമ്മൂട്ടി ജന്മദിനം  mammootty 71st birthday  മമ്മൂട്ടി 71ാം പിറന്നാള്‍  മമ്മൂട്ടി 71 ന്‍റെ നിറവില്‍  അനുഭവങ്ങൾ പാളിച്ചകൾ  തനിയാവര്‍ത്തനം  മൃഗയ  പുഴു  വാത്സല്യം  പേരന്‍പ്  പൊന്തന്‍മാട  ഭൂതക്കണ്ണാടി  അമരം  കറുത്ത പക്ഷികള്‍  കൗരവര്‍  സുകൃതം  മൃഗയയിലെ വാറുണ്ണി  വാത്സല്യത്തിലെ മേലേടത്ത് രാഘവന്‍ നായര്‍  അമരത്തിലെ അച്ചൂട്ടി
പകര്‍ന്നാട്ടങ്ങളിലെ മമ്മൂട്ടി : ഉള്ളഴിഞ്ഞൊഴുകിയ അഭിനയ ഭാവുകത്വം
author img

By

Published : Sep 7, 2022, 2:05 PM IST

ഭാവപൂര്‍ണതയെന്ന ഇന്ദ്രജാലത്തിലൂടെ പ്രേക്ഷകരിലേക്ക് സവിശേഷാനുഭൂതികള്‍ അനുസ്യൂതം പടര്‍ത്തുന്ന നടന വിസ്‌മയം മമ്മൂട്ടി 71 ന്‍റെ നിറവില്‍. വെള്ളിത്തിരയിലെ തികവാര്‍ന്ന പരകായങ്ങളുടെ അനന്യ മുഹൂര്‍ത്തങ്ങള്‍ അനവധിയുള്ള അതുല്യ പ്രപഞ്ചമാണ് ആ നടന ജീവിതം. നോട്ടവും ഭാവവും ശബ്‌ദവും ഭദ്രമായി ഇഴചേര്‍ത്ത് അനിതര സാധാരണമായ അനുഭവങ്ങള്‍ പകര്‍ന്നാടി നാലുപതിറ്റാണ്ട് പിന്നിട്ട ആ സിനിമായാത്ര അചഞ്ചലം തുടരുന്നു.

സാധാരണക്കാരന്‍റെ നിസ്സഹായവസ്ഥകളിലേക്കുള്ള മൂര്‍ത്തമായ ഉടല്‍മാറ്റമാണ് മമ്മൂട്ടിയെ വേറിട്ടടയാളപ്പെടുത്തുന്നത്. അത്രമേല്‍ സ്‌ഫുടമായാണ് ആ താരശരീരത്തില്‍ ദൈന്യമനുഷ്യന്‍ ഉയിരെടുക്കുന്നത്. കഥാപാത്രത്തെ വരിച്ച് ഏറുകയോ കുറയുകയോ ചെയ്യാത്തയളവില്‍ ഉള്ളഴിച്ച് അഭിനയിക്കുന്ന സമഗ്രത. അളന്നുകുറിച്ച നോട്ടവും പാകതയില്‍ തുളുമ്പാത്ത ഭാവതലവും വൈകാരിക മുഹൂര്‍ത്തങ്ങളിലെ അതിഭ്രദമായ ശബ്ദവിന്യാസവും നടന മികവിലെ മുദ്രണങ്ങള്‍.

തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷ്, മൃഗയയിലെ വാറുണ്ണി, വാത്സല്യത്തിലെ മേലേടത്ത് രാഘവന്‍ നായര്‍, അമരത്തിലെ അച്ചൂട്ടി, പൊന്തന്‍മാടയിലെ മാട, ഭൂതക്കണ്ണാടിയിലെ വിദ്യാധരന്‍, പേരന്‍പിലെ അമുദവന്‍, ജീവിതപ്രതിസന്ധികളുടെ ചുഴികളിലും മലരികളിലും കുടുങ്ങിയ മനുഷ്യരെ അത്രമേല്‍ തീവ്രമായാണ് മമ്മൂട്ടി ആവിഷ്‌കരിച്ചത്. യാത്രയിലെ ഉണ്ണികൃഷ്ണന്‍, നിറക്കൂട്ടിലെ രവി വര്‍മ, സുകൃതത്തിലെ രവിശങ്കര്‍, മതിലുകളിലെ ബഷീര്‍, സൂര്യമാനസത്തിലെ പുട്ടുറുമീസ്, പാഥേയത്തിലെ ചന്ദ്രദാസ്, കൗരവരിലെ ആന്‍റണി, കാഴ്‌ചയിലെ മാധവന്‍, കറുത്ത പക്ഷികളിലെ മുരുകന്‍, തനിയാവര്‍ത്തനങ്ങളില്ലാതെ വേഷങ്ങള്‍ക്ക് മിഴിവേകി പലകുറി കാഴ്‌ചക്കാരുടെ ഉള്ളുലച്ചു മമ്മൂട്ടി.

അല്‍പ്പസ്വല്‍പ്പം തെമ്മാടിത്തരങ്ങളുടെ നെഗളിപ്പുള്ള കോട്ടയം കുഞ്ഞച്ചനും പൂവാല വിക്രിയകളില്‍ അഭിരമിക്കുന്ന കുട്ടേട്ടനിലെ വിഷ്ണുനാരായണനും, നല്ല പേരിനുവേണ്ടി പണിയെടുക്കുന്ന പ്രാഞ്ചിയേട്ടനും പോത്തുവ്യാപാരിയായ ബെല്ലാരി രാജയും ആ നടനനാള്‍വഴികളിലെ വൈവിധ്യച്ചാര്‍ത്തുകള്‍. ഗാംഭീര്യമുള്ള വേഷങ്ങളും ഗരിമ ചോരാതെയെത്തി. വിധേയനിലെ ഭാസ്‌കരപ്പട്ടേലര്‍, ഒരു വടക്കന്‍ വീരഗാഥയിലെ ചന്തു, പലേരിമാണിക്യത്തിലെ മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി, ബാബ അംബേദ്‌കര്‍ അങ്ങനെ തുടരുന്നു നീണ്ട നിര.

ഇന്‍സ്‌പെക്‌ടർ ബല്‍റാം, നായര്‍ സാബ്, ന്യൂഡല്‍ഹിയിലെ ജികെ, സേതുരാമയ്യര്‍, ദി കിംഗിലെ കലക്‌ടര്‍ ജോസഫ് അലക്‌സ്, അറയ്ക്കല്‍ മാധവനുണ്ണി, ബിഗ്ബിയിലെ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍, ഭീഷ്‌മ പര്‍വത്തിലെ മൈക്കിളപ്പന്‍... ഭാവതീവ്രതയും ഉടല്‍പ്പെരുക്കവും കൊണ്ട് ത്രസിപ്പിച്ചവ വേറെയും. കഥാപാത്രങ്ങള്‍ താണ്ടുമ്പോള്‍ മാറ്റുകൂടുന്ന പ്രതിഭയ്ക്ക് പുഴുവിലെ കുട്ടന്‍ എന്ന പൊലീസുദ്യോഗസ്ഥന്‍റെ വേഷം വരെ സാക്ഷ്യം പറയും. കഥാപാത്രങ്ങള്‍ക്കായി ശരീരത്തെ എന്നും യൗവനയുക്തമായി നിലനിര്‍ത്തുന്നത് മറ്റൊരു സവിശേഷത. കഥാപാത്രങ്ങളെ തേടിപ്പിടിച്ച് ചെയ്യുന്ന അഭിനിവേശം ഇന്നും മുതല്‍ക്കൂട്ടും.

സോ കോള്‍ഡ് ബോണ്‍ ആക്‌ടറല്ലെന്ന് മമ്മൂട്ടി തന്നെ അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. ആര്‍ജിച്ചെടുത്ത പാടവമാണ് അയാളുടെ കരുത്ത്. അതാണ് വൈക്കത്തുകാരൻ മുഹമ്മദ് കുട്ടിയില്‍ നിന്ന് മമ്മൂട്ടിയിലേക്കുള്ള വളർച്ച. അഭിഭാഷകനാകാൻ പഠിച്ച മമ്മൂട്ടി വക്കീല്‍ കുപ്പായം അഴിച്ചുവെച്ച് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എടുത്തുചാടുമ്പോൾ വിശ്രമില്ലാത്ത പ്രയത്നവും അർപ്പണബോധവും മാത്രമായിരുന്നു കൈമുതല്‍. പിന്നീടുണ്ടായത് മലയാള സിനിമയുടെ ചരിത്രത്തിലെ നിര്‍ണായക ഏട്.

അനുഭവങ്ങൾ പാളിച്ചകൾ എന്ന സത്യൻ ചിത്രത്തിൽ മുഖം കാണിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. തുടര്‍ന്ന് ചെറുതും അപ്രധാനവുമായ നിരവധി വേഷങ്ങൾ. പക്ഷേ സിനിമ മമ്മൂട്ടിയേയും, അദ്ദേഹം സിനിമയേയും ഉപേക്ഷിക്കാൻ തയ്യാറല്ലായിരുന്നു. കെജി ജോർജിന്‍റെ മേളയിലൂടെ മമ്മൂട്ടി എന്ന നടൻ മലയാള സിനിമയുടെ മുഖമായി. വില്‍ക്കാനുണ്ട് സ്വപ്‌നങ്ങൾ, യവനിക, തൃഷ്ണ, കൂടെവിടെ, ആ രാത്രി തുടങ്ങി പിന്നീട് ഒരു പിടി മികച്ച ചിത്രങ്ങൾ. അഹിംസയും അടിയൊഴുക്കുകളുമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ രാകി മിനുക്കിയത്.

അടിയൊഴുക്കുകളില്‍ നിന്ന് യാത്രയിലേക്ക് എത്തുമ്പോൾ അഭിനയ മികവിന് പുരസ്‌കാരങ്ങൾ തേടിയെത്തിത്തുടങ്ങിയിരുന്നു. നാച്വറല്‍ ആക്‌ടിങ്ങും മെത്തേഡ് ആക്‌ടിങ്ങും ഒരു പോലെ മമ്മൂട്ടിക്ക് വഴങ്ങും. ശബ്‌ദം കൊണ്ട് വിസ്‌മയിപ്പിക്കുകയും ശരീരം കൊണ്ട് അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന നടൻ മൂന്ന് തലമുറകളുടെ നായകനായി തിരശീലയില്‍ നിറഞ്ഞുനില്‍ക്കുന്നു.

മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്ന് തവണ, മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അഞ്ച് തവണ, 12 തവണ ദക്ഷിണേന്ത്യന്‍ ഫിലിംഫെയർ അംഗീകാരം. ഇനിയും ഏറെ അഭിനയിക്കണമെന്നും സംവിധായകന്‍റെ നടനാണ് താനെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നുണ്ട്. നടന വൈഭവത്തിന് 1998ൽ രാജ്യം പത്മശ്രീ നൽകി. കേരള സർവകലാശാല ഹോണററി ഡോക്‌ടറേറ്റും കാലിക്കറ്റ് സർവകലാശാല ഡോക്‌ടറേറ്റും നൽകി ആദരിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.