ഹൈദരാബാദ് : മുംബൈയിലെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്‍ തന്നോട് കൈക്കൂലി വാങ്ങിയെന്ന (Corruption in Central Board of Film Certification) നടൻ വിശാലിന്‍റെ ആരോപണത്തെ തുടർന്ന് വാർത്താവിനിമയ മന്ത്രാലയം നടപടികള്‍ക്കൊരുങ്ങുന്നു (Actor Vishal's Corruption Allegation). പരാതി പരിഗണിക്കുകയാണെന്ന് മന്ത്രാലയം ഔദ്യോഗിക എക്‌സ് ഹാൻഡിലിലൂടെ പ്രതികരിച്ചു. മാർക്ക് ആന്‍റണി എന്ന ചിത്രത്തിന്‍റെ ഹിന്ദി സെൻസറിന് കൈക്കൂലി വാങ്ങിയതായി വിശാല്‍ ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് നടപടി.
സിബിഎഫ്‌സിയിലെ കൈക്കൂലി വിഷയം അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. അഴിമതിയോട് സർക്കാരിന് യാതൊരു സഹിഷ്‌ണുതയും ഇല്ല. അതിനാല്‍ ഇതില്‍ ഉൾപ്പെട്ടിരിക്കുന്നവർക്കെതിരെ കർശനമായ നടപടിയെടുക്കും. അന്വേഷണത്തിനായി വാർത്താവിനിമയ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ട്.
jsfilms.inb@nic.in എന്നതിൽ സിബിഎഫ്‌സിയുടെ മറ്റേതെങ്കിലും തരത്തിലുള്ള വീഴ്‌ചകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകി മന്ത്രാലയവുമായി സഹകരിക്കാൻ ആവശ്യപ്പെടുന്നതായും, എക്‌സിലെ നടന്‍റെ അപേക്ഷയോട് പ്രതികരിച്ചുകൊണ്ട് വാർത്താവിനിമയ മന്ത്രാലയം ട്വീറ്റ് ചെയ്‌തു.
മുംബൈയിലെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) തന്‍റെ സിനിമയായ മാർക്ക് ആന്‍റണിയുടെ സെൻസർ സർട്ടിഫിക്കേഷനായി 6.5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് വിശാൽ പരാതിയിൽ പറഞ്ഞു. അദ്ദേഹം എക്‌സിലൂടെ പുറത്തുവിട്ട വീഡിയോയില്‍ തന്‍റെ സിനിമ പ്രദർശിപ്പിക്കുന്നതിനും U/A സർട്ടിഫിക്കറ്റ് നൽകുന്നതിനും പകരമായി 6.5 ലക്ഷം രൂപ സിബിഎഫ്‌സി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായാണ് പറയുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ഥിതിഗതികൾ അന്വേഷിക്കണമെന്ന് അദ്ദേഹം അഭ്യർഥിക്കുകയും ചെയ്‌തു.
ചിത്രത്തിലെ അഴിമതി നല്ലതാണ് എന്നാൽ യഥാർഥ ജീവിതത്തിൽ അത് അങ്ങനെയല്ല. പ്രത്യേകിച്ച് സർക്കാർ ഓഫീസുകളിൽ. അതിലും മോശമായി സിബിഎഫ്‌സിയുടെ മുംബൈ ഓഫീസിൽ സംഭവിക്കുന്നു. എന്‍റെ മാർക്ക് ആന്‍റണി എന്ന സിനിമയുടെ ഹിന്ദി പതിപ്പിന് ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വന്നു.
രണ്ട് ഇടപാടുകൾ നടന്നു. ഒന്ന് സ്‌ക്രീനിങ്ങിനും പിന്നൊന്ന് സര്‍ട്ടിഫിക്കേഷനും. ഞാൻ ഇത് മഹാരാഷ്ട്രയുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെയും ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഇത് എനിക്ക് വേണ്ടിയല്ല, ഭാവിയിലെ നിർമ്മാതാക്കൾക്ക് വേണ്ടിയുള്ളതാണ്. എന്‍റെ കഠിനാധ്വാനത്തിന്‍റെ പണം അഴിമതിയ്ക്കായി പോയി. എപ്പോഴും സത്യം ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു - ഒരു വീഡിയോ സന്ദേശത്തോടൊപ്പം വിശാൽ ട്വീറ്റ് ചെയ്‌തു.
ALSO READ: 'മാര്‍ക്ക് ആന്‍റണി' ഹിന്ദി പതിപ്പ്, സെന്‍സര്‍ ബോര്‍ഡ് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന് നടൻ വിശാല്‍
സെപ്‌റ്റംബർ 15 ന് പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ ആക്ഷൻ കോമഡി ചിത്രമാണ് മാർക്ക് ആന്‍റണി. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്‌ത ചിത്രം മിനി സ്റ്റുഡിയോയിലൂടെ എസ് വിനോദ് കുമാറാണ് നിര്‍മ്മിച്ചത്. വിശാലും എസ് ജെ സൂര്യയും ചിത്രത്തിൽ ഇരട്ടവേഷങ്ങളിലാണ്.