പത്തനംതിട്ട : ആളില്ലാത്ത വീടുകള്‍ കുത്തിത്തുറന്ന് മോഷണം പതിവാക്കിയ രണ്ടുപേര്‍ പൊലീസ് പിടിയില്‍. കൈപ്പട്ടൂര്‍ പുല്ലാഞ്ഞിയില്‍ പുതു പറമ്പിൽ വീട്ടില്‍ സിബു ബാബു (36), കടമ്മനിട്ട കിഴക്കുംകര വീട്ടില്‍ മാത്തുക്കുട്ടി (57)എന്നിവരാണ് അറസ്‌റ്റിലായത്. പത്തനംതിട്ട പൊലീസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു പ്രതികളുടെ മോഷണങ്ങള്‍.
നഗരത്തിലെ ബാറിന് മുന്നില്‍ മദ്യപിച്ച് അബോധാവസ്ഥയിലായ കൈപ്പട്ടൂര്‍ സ്വദേശിയായ യുവാവിന്‍റെ വിവാഹമോതിരം സിബുവും മറ്റൊരാളും ചേര്‍ന്ന് കഴിഞ്ഞ ദിവസം മോഷ്‌ടിച്ചിരുന്നു. ഈ കേസിന്‍റെ അന്വേഷണത്തിനിടെയാണ് സിബുവിനെ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ വിറ്റ കടയില്‍ നിന്നും മോതിരം അന്വേഷണസംഘം കണ്ടെടുക്കുകയായിരുന്നു.
പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്‌തതോടെയാണ് ആളില്ലാത്ത വീട് കുത്തിതുറന്ന് നടത്തിയ മോഷണങ്ങളുടെ വിവരം പുറത്തുവരുന്നത്. മഞ്ഞനിക്കരയിലും അഞ്ചക്കാലായിലുമായിരുന്നു ഇരുവരുടെയും കവര്‍ച്ചകള്‍. ഇരുവരും ചേര്‍ന്ന് ആളില്ലാ വീടുകള്‍ കുത്തിത്തുറന്ന് സ്വര്‍ണവും, പണവും, വീട്ടുപകരണങ്ങളും കവര്‍ന്നെന്ന് വെളിപ്പെട്ടു.
മഞ്ഞനിക്കരയില്‍ കഴിഞ്ഞവര്‍ഷം ജൂലൈയില്‍ അടച്ചിട്ട വീടിന്റെ പ്രധാന വാതില്‍ പൊളിച്ച് അകത്തുകടന്ന് അടുക്കളയില്‍ നിന്നും മൈക്രോവേവ് ഓവനും കുളിമുറിയിലെ ഫിറ്റിങ്ങുകളും ഉള്‍പ്പടെ 90,000 രൂപയുടെ ഉപകരണങ്ങള്‍ പ്രതികള്‍ മോഷ്‌ടിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി സിബുവിനെ മോഷണമുതലുകള്‍ വിറ്റ കുമ്പഴയിലെ ആക്രിക്കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. പ്രതികള്‍ വേറെയും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് സംശയമുഉള്ളതിനാല്‍ കസ്റ്റഡിയില്‍ വാങ്ങി കൂടുതൽ അന്വേഷണം നടത്തും.
മഴക്കാലത്ത് മോഷണം വ്യാപകമാകുന്നത് തടയാന്‍ രാത്രികാല പട്രോളിങ് ജില്ലയില്‍ ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍ പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. ഡിവൈ.എസ്.പി എസ്. നന്ദകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.