കോട്ടയം: കുടമാളൂർ കരിയികുളങ്ങര ക്ഷേത്രത്തിലെ ഗരുഡൻ തൂക്കത്തിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വയോധികനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും ഗുണ്ട സംഘത്തിലെ അംഗവുമായ അയ്‌മനം ചിറ്റക്കാട്ട് കോളനി പുളിക്കപ്പറമ്പിൽ ലോജി ജെയിംസാണ് (27) പിടിയിലായത്.
ഒരാഴ്‌ച മുൻപായിരുന്നു കേസിനാസ്‌പദമായ സംഭവം. കരിയികുളങ്ങര ക്ഷേത്രത്തിലെ ഗരുഡൻ തൂക്കത്തിനിടെ പ്രദേശവാസിയായ ഗിരീഷും ലോജിയുടെ ഗുണ്ടാ സംഘത്തിലെ അംഗങ്ങളായ സുഹൃത്തുക്കളും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതേച്ചൊല്ലി ഇരുവിഭാഗങ്ങളും തമ്മിൽ ഉത്സവത്തിന് ശേഷവും സംഘർഷമുണ്ടായി. തുടർന്ന്, ഗിരീഷിനെ ഉപദ്രവിക്കാനായി ഗുണ്ട സംഘം ഗിരീഷിന്‍റെ വീട്ടിലെത്തുകയും ഗിരീഷിന്‍റെ അച്ഛനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന്, വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്‌ടർ അനൂപ് കൃഷ്‌ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി, തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.