കോട്ടയം: അയർക്കുന്നത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് തൂങ്ങിമരിച്ചതിന്‍റെ കാരണം സംശയരോഗമെന്ന് സൂചന. കൊലപാതകം നടത്തിയ ശേഷം ആത്മഹത്യ ചെയ്യുന്നതിനു മുൻപ് സുധീഷ് എഴുതിയതെന്നു കരുതുന്ന ആത്മഹത്യക്കുറിപ്പിൽ അടക്കം ഇതു സംബന്ധിച്ചുള്ള സൂചനകളുണ്ടെന്ന് പൊലീസ് പറയുന്നു. അയർക്കുന്നം അമയന്നൂർ ഇല്ലിമൂലയിൽ പതിക്കൽത്താഴെ പ്രഭാകരന്‍റെ മകൻ സുധീഷ് (40), ഭാര്യ ടിന്‍റു (34) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യക്കുറിപ്പ് നിർണായകം: വ്യാഴാഴ്‌ച (മെയ് 12) രാവിലെയാണ് ഇരുവരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാലുദിവസം മുമ്പ് ആറു വയസുകാരൻ മകൻ സിദ്ധാർഥനെ സഹോദരന്‍റെ വീട്ടിലാക്കിയ ശേഷമാണ് ഇരുവരും അയർക്കുന്നത്തെ വീട്ടിൽ എത്തിയത്. ടിന്‍റുവിനെ വിദേശത്തേയ്ക്ക് കൊണ്ടുപോകുന്നതിനായി സുധീഷ് പദ്ധതിയിട്ടിരുന്നു.
ഇതിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് പോകുന്നതിനായാണ് തയാറെടുപ്പ് നടത്തിയിരുന്നത്. എന്നാൽ ഇതിനിടെ ടിന്‍റുവിന്‍റെ ഫോണിലേക്ക് നിരന്തരമായി ആരോ ഫോൺ ചെയ്തതാണ് പ്രശ്‌നം വഷളാക്കിയതെന്ന് പൊലീസ് പറയുന്നു. ഈ സുഹൃത്തിന്‍റെ പേരിൽ നേരത്തെ തന്നെ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു.
ഇയാളെ ഫോണിൽ വിളിക്കരുതെന്ന് സുധീഷ് ടിന്‍റുവിനെ വിലക്കിയിരുന്നതായും പൊലീസ് പറയുന്നു. ഇതേച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരിക്കുന്നതെന്നു പൊലീസ് പറയുന്നു. വഴക്കിനെ തുടർന്ന് ഷോൾ ഉപയോഗിച്ച് ടിന്‍റുവിന്‍റെ കഴുത്തിൽ മുറുക്കിയ ശേഷം കിടക്ക മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്.
READ MORE:കോട്ടയത്ത് ദമ്പതിമാരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
മരിച്ച ടിന്‍റുവിന്‍റെ മൃതദേഹം വസ്ത്രത്തിലും ബെഡ്ഷീറ്റിലും അടക്കം പൊതിഞ്ഞ് സൂക്ഷിക്കുകയായിരുന്നു. തുടർന്ന് കൈ ഞരമ്പുകൾ മുറിച്ച സുധീഷ് കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സുധീഷിന്‍റെ സംശയമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ ആത്മഹത്യാക്കുറിപ്പിൽ നിന്നു ലഭിച്ചതായി സി.ഐ ആർ മധു പറഞ്ഞു.
ജില്ല പൊലീസ് മേധാവി ഡി ശിൽപ, ഡിവൈഎസ്‌പി ജെ സന്തോഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ഇരുവരുടെയും മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. വെള്ളിയാഴ്‌ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.