പാലക്കാട്: രേഖകളില്ലാതെ കടത്താൻ ശ്രമിച്ച ഒന്നേകാൽ കോടി രൂപയുടെ സ്വർണം പിടികൂടി. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് രേഖകളൊന്നുമില്ലാതെ കൊണ്ടുവന്ന രണ്ട് കിലോ സ്വർണമാണ് ചിറ്റൂർ പൊലീസ് പിടികൂടിയത്. സ്വർണം കൈവശംവച്ച തമിഴ്‌നാട് മധുര സ്വദേശി ഗോകുൽ എന്ന അരിയമിത്രനെ (33)
കസ്റ്റഡിയിലെടുത്തു.
രാവിലെ നല്ലേപ്പിള്ളി കോട്ടപ്പള്ളത്തു നിന്നുമാണ് രണ്ട് കിലോ സ്വർണക്കട്ടികളുമായി ഇയാളെ പിടികൂടിയത്. ശനിയാഴ്‌ച (നവംബർ 10) രാത്രി നല്ലേപ്പിള്ളി കോട്ടപ്പള്ളത്ത് മീൻ വളർത്തുന്ന കുളത്തിന് സമീപം കാർ നിർത്തി യുവാവ് ഇറങ്ങി പോകുന്നത് പ്രദേശവാസികൾ കണ്ടിരുന്നു. സംശയം തോന്നിയ പ്രദേശവാസികൾ കുളത്തിന് സമീപത്ത് തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും ശ്രമം വിഫലമായി. ഇയാൾ സഞ്ചരിച്ചിരുന്ന വാഹനവും വാഹനത്തിലുണ്ടായിരുന്ന മൊബൈൽ ഫോണും 6000 രൂപയും പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ഞായറാഴ്‌ച രാവിലെ ഇതേ സ്ഥലത്ത്
അജ്ഞാതനായ യുവാവ് തെരച്ചിൽ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിന് വിവരം നൽകി.
തുടർന്ന്, പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്ന് സ്വർണം കണ്ടെടുക്കുകയും ചെയ്‌തു. സ്വർണവുമായി ബന്ധപ്പെട്ട യാതൊരു രേഖയും കൈവശമില്ലെന്ന് പൊലീസ് പറഞ്ഞു. അരിയമിത്രനെ പാലക്കാട് സെഷൻസ് കോടതി മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
തമിഴ്‌നാട്ടിൽ നിന്നും സ്വർണം ആഭരണമാക്കി പണികഴിപ്പിക്കുന്നതിനായി കൊണ്ടുവന്നതാണ്. ഇതിനിടെ വാഹനത്തെ ആരോ പിന്തുടരുന്നതായി തോന്നിയതിനാലാണ് കാർ നല്ലേപ്പിള്ളി കോട്ടപ്പളളത്തിൽ നിർത്തിയത്. വാഹനം നിർത്തിയശേഷം കൈവശമുണ്ടായിരുന്ന സ്വർണം സ്ഥലത്ത് കുഴിച്ചിട്ട് രാത്രിയിൽ ഒളിച്ചു കഴിയുകയായിരുന്നു എന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി.
ഇതിനിടെ ഇയാളുടെ പക്കലുണ്ടായിരുന്ന 35 ഗ്രാം വരുന്ന സ്വർണമാല നഷ്‌ടപ്പെട്ടിരുന്നു. ഇതിനായി തെരച്ചിൽ നടത്തുന്നതിനിടെയാണ് യുവാവ് പൊലീസ് പിടിയിലായത്. സ്വർണമാല പിന്നീട് പൊലീസ് കോട്ടപ്പള്ളത്തുനിന്നും കണ്ടെടുത്തു. പരസ്‌പര വിരുദ്ധമായാണ് ഇയാൾ കാര്യങ്ങൾ പറയുതെന്ന് ചിറ്റൂർ എസ്ഐ എം മഹേഷ് കുമാർ പറഞ്ഞു.