ചെന്നൈ: തമിഴ്‌നാട്ടിലെ മൈലാപൂരില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി 20 ലക്ഷം രൂപയും ആഭരണങ്ങളും കവര്‍ന്ന രണ്ട് നേപ്പാള്‍ സ്വദേശികളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. മരിച്ച ശ്രീകാന്ത് (60), അനുരാധ (55) എന്നിവരുടെ ഡ്രൈവ്രർ ലാല്‍ കൃഷ്‌ണയും സഹായി രവിയുമാണ് പിടിയിലായത്. മകളുടെ പ്രസവത്തിനായി യുഎസില്‍ നിന്ന് ശനിയാഴ്‌ചയാണ് (07 മെയ് 2022) ശ്രീകാന്തും ഭാര്യ അനുരാധയും ഇന്ത്യയിലെത്തിയത്.
മൈലാപ്പൂര്‍ ബൃന്ദാവന്‍ നഗറിലെ വീട്ടില്‍ വെച്ച് ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ നെമിലിച്ചേരിക്ക് സമീപമുള്ള ഇവരുടെ ഫാം ഹൗസില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു. പണവും ആഭരണങ്ങളുമായി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ല പൊലീസാണ് കസ്റ്റഡിയിലെടുത്തത്. പ്രതികളില്‍ നിന്ന് 50 കിലോ സ്വര്‍ണവും അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്.
മകള്‍ ഫോണില്‍ വിളിച്ചിട്ടും ദമ്പതികളെ ബന്ധപ്പെടാന്‍ കഴിയാത്തതിനാല്‍ അടുത്തുള്ള ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോഴാണ് വീട് പൂട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നാണ് കുടുബം വിവരം പൊലീസില്‍ അറിയിച്ചത്. അന്വേഷണസംഘം വിശദമായി നടത്തിയ പരിശോധനയില്‍ ദമ്പതികളെ ഡ്രൈവറും സഹായിയും ചേര്‍ന്ന് വിമാനത്താവളത്തില്‍ നിന്നും കൂട്ടിക്കൊണ്ട് പോകുന്നത് കണ്ടെത്തിയിരുന്നു.
കൊലപാതകത്തിന് ശേഷം ചെന്നൈയില്‍ നിന്ന് കടന്ന പ്രതികളെ പ്രകാശം എസ്‌പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ദേശീയപാത 16-ലെ ടംഗുതുരു ടോൾഗേറ്റിൽ വച്ചാണ് പൊലീസ് പിടികൂടിയത്.