മുംബൈ: അഴിമതി ആരോപണത്തെ തുടർന്ന് രാജിവെച്ച മുൻ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖിന് സിബിഐ നോട്ടിസ്. അഴിമതി, അധികാര ദുരുപയോഗം എന്നിവ സംബന്ധിച്ച കേസിൽ ഏപ്രിൽ 14ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. ബോംബെ ഹൈക്കോടതിയുടെ നിർദേശപ്രകാരം ഏപ്രിൽ ആറിനാണ് സിബിഐ ദേശ്‌മുഖിനെതിരെ അന്വേഷണം ആരംഭിച്ചത്. ഞായറാഴ്‌ച ദേശ്‌മുഖിന്‍റെ പിഎ മാരായ പാലാൻഡെ, കുന്ദൻ എന്നിവരെ സിബിഐ ചോദ്യംചെയ്‌തിരുന്നു. മുംബൈ മുന്‍ പൊലീസ് കമ്മീഷണര്‍ പരംബിര്‍ സിങ് ഉന്നയിച്ച ആരോപണങ്ങളാണ് അനില്‍ ദേശ്‌മുഖിന്‍റെ രാജിയില്‍ കലാശിച്ചത്.
Read More: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് രാജിവച്ചു
അംബാനി - കേസില്‍ പുറത്താക്കിയ സച്ചിന്‍ വാസെ എന്ന ഉദ്യോഗസ്ഥനെയടക്കം അനില്‍ ദേശ്‌മുഖാണ് നിയമിച്ചതെന്ന് ആരോപിച്ച് പരം ബിർ സിങ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ചിരുന്നു. റസ്റ്ററന്‍റുകള്‍, പബ്ബുകള്‍, ബാറുകള്‍, പാര്‍ലറുകള്‍ എന്നിവിടങ്ങളില്‍ നിന്ന് പണം പിരിച്ച് എല്ലാ മാസവും 100 കോടി നല്‍കാന്‍ മന്ത്രി സച്ചിന്‍ വാസെയോട് ഫെബ്രുവരിയില്‍ ആവശ്യപ്പെട്ടെന്നും നിരവധി കേസുകളില്‍ ഉന്നത ഉദ്യോഗസ്ഥരെ മറികടന്ന് മന്ത്രി ഇടപെട്ടെന്നും ആരോപിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് അനിൽ ദേശ്‌മുഖ് ആഭ്യന്തര മന്ത്രി സ്ഥാനം രാജിവച്ചത്.
Read More: മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രിയുടെ സഹായികളെ സിബിഐ ചോദ്യം ചെയ്തു