അമരാവതി (ആന്ധ്രാപ്രദേശ്): വിവാഹേതര ബന്ധം ആരോപിച്ച് സോഫ്റ്റ്‌വെയർ എഞ്ചിനീയർ കൊല ചെയ്യപ്പെട്ട കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് പണമിടപാട് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു കൊലപാതകം. കൊലപാതക കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെടല്‍ നടത്തിയ പുച്ചകായല ശ്രീനിവാസ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. ആന്ധ്രാപ്രദേശിലെ അമരാവതിയിലാണ് സംഭവം.
2022 ജൂലൈ 26നാണ് സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയർ ഗാഡിക്കോയ്യ ശ്രീനിവാസ റെഡ്ഡി (38) കൊല്ലപ്പെട്ടത്. വിവാഹേതര ബന്ധം ആരോപിച്ചായിരുന്നു ഇയാളുടെ കൊലപാതകം. സംഭവത്തില്‍ കൊല്ലപ്പെട്ട ശ്രീനിവാസ റെഡ്ഡിയുടെ സുഹൃത്തിനെയും, മിഥുന എന്ന യുവതിയെയും പൊലീസ് പിടികൂടിയിരുന്നു.
പിന്നാലെ ഭദ്രിരാജുപാലം വില്ലേജിലെ നരേന്ദ്ര റെഡ്ഡി എന്ന വ്യക്തിയാണ് കേസ് ഒത്തുതീർപ്പിനായി ആദ്യം മുന്നോട്ടുവന്നത്. പൊലീസുമായും മരിച്ചയാളുടെ കുടുംബാംഗങ്ങളുമായും സംസാരിച്ച് ഒത്തുതീർപ്പാക്കാമെന്ന് പറഞ്ഞ് പ്രതിയുടെ പിതാവിനെ ഇയാള്‍ ബന്ധപ്പെട്ടിരുന്നു. ഒന്നരക്കോടി രൂപയുടെ ഇടപാടിനാണ് ഇയാള്‍ ശ്രമം നടത്തിയത്.
ഇതിന്‍റെ ഭാഗമായി കേസന്വേഷണം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥന് ആദ്യ ഘഡുവായി 22 ലക്ഷം രൂപ കൈമാറിയിരുന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞതിനെ തുടര്‍ന്ന് ഇതേ ഗ്രാമത്തിലുള്ള പുച്ചക്കായല ശ്രീനിവാസ റെഡ്ഡി എന്ന വ്യക്തി 20 ലക്ഷം രൂപയ്‌ക്ക് ഇടപാടുകള്‍ പൂര്‍ത്തിയാക്കാമെന്ന് പറഞ്ഞ് രംഗത്തെത്തി. ഇതില്‍ പ്രകോപിതനായ നരേന്ദ്ര റെഡ്ഡിയാണ് പുച്ചകായല ശ്രീനിവാസ റെഡ്ഡിയെ കൊലപ്പെടുത്തിയത്.
പണമിടപാടിനെ കുറിച്ച് സംസാരിക്കണമെന്ന് അറിയിച്ച് വിളിച്ചുവരുത്തിയായിരുന്നു കൊലപാതകം. കൊലപാതക ശേഷം ഗണ്ണവാരത്തിനടുത്ത് ബലിപറുവില്‍ ശ്രീനിവാസ റെഡ്ഡിയുടെ മൃതദേഹം പ്രതികള്‍ സംസ്‌കരിച്ചു. ഈ സംഭവത്തില്‍ പ്രതികളെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറുടെ കൊലപാതക കേസുമായി ബന്ധപ്പെട്ട പണമിടപാടിനെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. അന്വേഷണം പുരോഗമിക്കുന്ന സംഭവത്തില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.