എറണാകുളം : കോതമംഗലം ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളിയുടെ വെള്ളാമ കുത്ത് ചാപ്പൽ സാമൂഹ്യ വിരുദ്ധർ എറിഞ്ഞുതകർത്തു. നേർച്ചയിടാനെത്തിയവരാണ് ചാപ്പൽ തകർക്കപ്പെട്ട നിലയിൽ കണ്ടത്. പള്ളി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് മുവാറ്റുപുഴ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിൽ സമീപത്തുള്ള ടയർ കടയുടെ മുൻപിൽ ചാപ്പലിൻ്റെ ചിത്രം വരച്ച് എറിഞ്ഞ് തകർക്കേണ്ട ഭാഗം രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
കോതമംഗലം എംഎൽഎ ആൻ്റണി ജോൺ, ഡീൻ കുര്യാക്കോസ് എംപി അടക്കമുള്ള ജനപ്രതിനിധികൾ സംഭവസ്ഥലം സന്ദർശിച്ചു. പ്രതികളെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്ന് സ്ഥലം സന്ദർശിച്ച നേതാക്കൾ പൊലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം കോതമംഗലം രൂപതയുടെ കീഴിലുള്ള രണ്ടാമത്തെ പള്ളിയാണ് ഒരാഴ്ച്ചക്കിടയിൽ ആക്രമണത്തിരയാവുന്നത്. രൂപതയുടെ കീഴിലുള്ള പള്ളികൾ നിരന്തരം ആക്രമിക്കപ്പെടുന്നതിൽ വിശ്വാസികൾ കടുത്ത പ്രതിഷേധത്തിലാണ്.
ALSO READ : സംസ്ഥാനത്ത് 22ന് ബാങ്ക് പണിമുടക്ക്
ഒരാഴ്ച്ച മുമ്പാണ് പുലിയൻപാറ സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ രൂപക്കൂട് തകർത്ത് മാതാവിൻ്റെ രൂപം പൈനാപ്പിൾ തോട്ടത്തിലേക്ക് വലിച്ചെറിഞ്ഞ സംഭവം നടന്നത്. ഇതിലെ പ്രതികളെ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.