പലമനേരു (ആന്ധ്രാപ്രദേശ്): കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ നാടകീയമായി കൊലപ്പെടുത്തിയ യുവതിയും കാമുകനും പൊലീസ് പിടിയില്‍. വിവാഹിതനും രണ്ട് മക്കളുമുള്ള കാമുകനൊപ്പം ജീവിക്കാനാണ് അനുരാധ കാമുകന്‍റെ സഹായത്തോടെ ഭര്‍ത്താവിനെ പദ്ധതിയിട്ട് കൊലപ്പെടുത്തിയത്. മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്ന് വരുത്തിതീര്‍ക്കാന്‍ പരമാവധി ശ്രമിച്ചുവെങ്കിലും പൊലീസിന്‍റെ വിശദമായ അന്വേഷണത്തില്‍ സത്യം പുറത്തുവരുകയായിരുന്നു.
അനുരാധയും സുഹൃത്ത് ഗംഗരാജുവും തമ്മില്‍ വളരെ നാളായി അടുപ്പത്തിലായിരുന്നു. ഇതിനിടെ 2019 ലാണ് അനുരാധയും ബട്ടാലപുര സ്വദേശിയായ ദാമോദറും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹ ശേഷവും ഇരുവരും തമ്മിലുള്ള രഹസ്യബന്ധം തുടര്‍ന്നു. അങ്ങനെയിരിക്കെ അനുരാധ തന്‍റെ ആഭരണങ്ങള്‍ ഭര്‍ത്താവോ കുടുംബമോ അറിയാതെ കാമുകന് കൈമാറി. എന്നാല്‍ ഒരു വസ്‌തു രജിസ്‌റ്റര്‍ ചെയ്യുന്നതിന്‍റെ ഭാഗമായി ഭര്‍ത്തൃ വീട്ടുകാര്‍ ആഭരണങ്ങളെ കുറിച്ച് അന്വേഷിച്ചതോടെയാണ് കൊലപാതകം എന്ന പദ്ധതിയിലേക്ക് അനുരാധ നീങ്ങുന്നത്.
ആഭരണങ്ങള്‍ തന്‍റെ വീട്ടിലാണെന്നായിരുന്നു അനുരാധയുടെ ആദ്യ പ്രതികരണം. നാട്ടിലെ ആഘോഷങ്ങള്‍ക്കായി പോകുമ്പോള്‍ ആഭരണങ്ങള്‍ കൊണ്ടുവരാമെന്നും അവര്‍ അറിയിച്ചു. തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം തന്‍റെ വീട്ടിലെത്തിയ സമയത്ത് അനുരാധ കാമുകനെ വിവരമറിയിച്ചു. മുന്‍നിശ്ചയിച്ച പ്രകാരം കാമുകന്‍ അവിടേക്ക് വരുകയും ഇയാളുടെ കണ്ണില്‍ മുളകുപൊടി വിതറി ഇയാളെ കൊലപ്പെടുത്തുകയുമായിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ മോഷ്‌ടാക്കള്‍ വീട്ടിലെത്തി ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നും തന്‍റെ ആഭരണങ്ങള്‍ എടുത്തുകൊണ്ടുപോയെന്നും ഇവര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതിപ്പെട്ടു.
എന്നാല്‍ വിശദമായ അന്വേഷണത്തിനിടെ പൊലീസിന് അനുരാധയെ സംശയം തോന്നിയതോടെയാണ് സത്യാവസ്ഥ പുറംലോകമറിയുന്നത്. കൊലപാതകമാണെന്ന് തെളിഞ്ഞതോടെ ഗംഗരാജുവിനെയും അനുരാധയെയും അറസ്‌റ്റ് ചെയ്‌ത് പൊലീസ് റിമാന്‍ഡില്‍ വാങ്ങിയെന്ന് പലമനേരു ഡെപ്യൂട്ടി സൂപ്രണ്ട് ഗംഗയ്യ അറിയിച്ചു.