എറണാകുളം : ആലുവയില്‍ സ്‌കൂൾ വിദ്യാർഥിനിയെ പെരിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പ്രയപൂർത്തിയാകാത്ത ആൺസുഹൃത്ത് അറസ്റ്റില്‍. ഇയാള്‍ പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്‌തുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പിടികൂടിയത്. ഇയാളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പിൽ ഹാജരാക്കി.
മരിച്ച വിദ്യാര്‍ഥിനി ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. പെൺകുട്ടി ഒന്നിലധികം തവണ പീഡനത്തിനിരയായെന്ന് ഫോറൻസിക് പരിശോധനയിലും തെളിഞ്ഞു.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ആലുവ വെസ്റ്റ് പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രായപൂർത്തിയാകാത്ത പ്രതിയെ കണ്ടെത്തിയത്.
Also Read: മദ്യ ലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാറിടിച്ചു ; സൊമാറ്റോ ജീവനക്കാരന് ദാരുണാന്ത്യം
ഡിസംബർ 23നാണ് വെളിയത്തുനാട് അടുവാതുരുത്ത് സ്വദേശിനിയായ പതിനഞ്ച് വയസുകാരിയുടെ മൃതദേഹം പെരിയാറിൽ കണ്ടെത്തിയത്. സംഭവത്തിന്‍റെ തലേദിവസം സ്‌കൂളിൽ പോയ പെൺകുട്ടി മടങ്ങിയെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പെൺകുട്ടിക്ക് വേണ്ടിയുള്ള അന്വേഷണം നടക്കുന്നതിനിടയിലാണ് പെരിയാറിൽ തടിക്കാവ് പാലത്തിന് സമീപത്ത് നിന്ന് മൃതദേഹം ലഭിച്ചത്.