ഇടുക്കി : അടിമാലി പൊലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്‌ടര്‍ക്ക് മര്‍ദനമേറ്റു. കുടുംബപ്രശ്‌നം പരിഹരിക്കാനെത്തിയപ്പോഴാണ് എസ്.ഐ കെ.എം സന്തോഷ് ആക്രമണത്തിന് ഇരയായത്. ഞായറാഴ്‌ച രാത്രിയില്‍ മന്നാങ്കാലയിലായിരുന്നു സംഭവം.
സന്തോഷ്, അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ആക്രമണം നടത്തിയ മന്നാങ്കാല സ്വദേശി എല്‍ദോ പൈലിയെന്ന കുട്ടായിയെ പൊലീസ് അറസ്റ്റുചെയ്‌തു. സൗത്ത് കത്തിപ്പാറ സ്വദേശിയുടെ മന്നാങ്കാലയിലെ ഭാര്യ വീട്ടില്‍ പ്രശ്‌നം പരിഹരിക്കാന്‍ പോവുകയായിരുന്നു പൊലീസിന്‍റെ ലക്ഷ്യം.
ഈ സമയം കത്തിപ്പാറ സ്വദേശി വീട്ടിലുണ്ടായിരുന്നില്ല. കുട്ടികളെയും കൂട്ടി ഇയാള്‍, ആക്രമണം നടത്തിയ എല്‍ദോയുടെ വീട്ടിലുണ്ടെന്ന് പൊലീസ് മനസിലാക്കി. തുടര്‍ന്ന്, ഇവിടേക്കെത്താന്‍ ശ്രമിച്ച പൊലീസിന് തെറ്റായ വഴി പറഞ്ഞുനല്‍കി പ്രതി വട്ടംചുറ്റിച്ചു. ഈ സമയം കത്തിപ്പാറ സ്വദേശി കുട്ടികളുമായി കടന്നുകളഞ്ഞു.
ഇക്കാര്യം ചോദ്യം ചെയ്‌തതോടെ എല്‍ദോ ആക്രമിക്കുകയായിരുന്നുവെന്ന് എസ്.ഐ പറഞ്ഞു. യൂണിഫോം വലിച്ചുകീറുകയും ആഞ്ഞ് ചവിട്ടുകയും ചെയ്‌തതായി പൊലീസ് ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. പാറക്കെട്ടില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവതിയെ അനുനയിപ്പിച്ച് രക്ഷപ്പെടുത്തിയ കെ.എം സന്തോഷ് നേരത്തേ നവമാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയിരുന്നു.