തൃശൂര്‍: പൊലീസിന്‍റെ സേവന താല്‍പര്യതയുടെയും സഹാനുഭൂതിയുടെയും കൂട്ടത്തിലേക്ക് ഒന്നു കൂടി കൂട്ടിച്ചേർക്കുകയാണ് തൃശൂര്‍ മതിലകം ജനമൈത്രി പൊലീസ്. വിയർപ്പ് ഗ്രന്ഥികളെ ബാധിക്കുന്ന അപൂർവ രോഗം ബാധിച്ച യുവതിക്ക് എയർകണ്ടീഷൻ വാങ്ങിച്ചു നൽകിയാണ് പൊലീസ് മാതൃകയായത്. തൃശൂർ കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം പന്തലാകുളം കോളനിയിൽ താമസിക്കുന്ന അമ്പിളിക്കാണ് പൊലീസിന്‍റെ സഹാനുഭൂതിയുടെ സഹായമെത്തിയത്.
14 വർഷമായി വിയർപ്പു ഗ്രന്ധികൾ ബാധിച്ച അപൂർവ രോഗത്താൽ ബുദ്ധിമുട്ടുകയാണ് അമ്പിളി. വിയർപ്പ് ഗ്രന്ഥികൾ കൂടുതലായതിനാൽ ശരീരത്തിൽ ചൂടു കൂടുകയും വലിയ വ്രണങ്ങൾ വന്ന് പൊട്ടി പഴുത്ത്, കിടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് അമ്പിളിയുടേത്. വേനൽക്കാലമായതിനാൽ രോഗം ഗുരുതരമായി. എറണാകുളത്തും കൊടുങ്ങല്ലൂരുമുള്ള ആശുപത്രികളിലായി മാറിമാറിയാണ് ചികിത്സ. ഭർത്താവ് മരണപ്പെട്ടതിനെ തുടർന്ന് അമ്പിളിയും 15 വയസായ മകനും അമ്പിളിയുടെ സഹോദരന്‍റെ വീട്ടിലാണ് താമസിക്കുന്നത്.
വലിയ സാമ്പത്തിക സ്ഥിതി ഒന്നുമില്ലാത്ത കുടുംബമായതിനാൽ അമ്പിളിയുടെ വേദന നോക്കിനിൽക്കാനേ സഹോദരനും കുടുംബത്തിനും കഴിയുന്നുള്ളൂ. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ജനമൈത്രി പൊലീസിന്‍റെ ഗൃഹസന്ദർശനത്തിനിടെയാണ് അമ്പിളിയുടെ രോഗവിവരം മതിലകം പൊലീസ് അറിയുന്നത്. മുറിയിലെ ചൂട് കുറച്ച് രോഗത്തെ അതിജീവിക്കുന്നതിനായി അമ്പിളി കിടക്കുന്ന മുറിയിൽ എയർ കണ്ടിഷൻ വെച്ച് കൊടുക്കാൻ തീരുമാനിക്കുകയും ചെയ്തു. ജനമൈത്രി ജാഗ്രത സമിതിയുടെ സഹായത്തോടെ അമ്പിളിക്ക് എസിയും 25,000 രൂപയുടെ ധനസഹായവും കൈമാറി.