തൃശൂര്‍: വിയ്യൂർ ജയിൽ ജീവനക്കാർ തുടർച്ചയായി തടവുകാരെ മർദ്ദിക്കുന്നത് അവസാനിപ്പിക്കണമെന്നും കുറ്റക്കാരായ ജയിൽ ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നും പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു ജില്ലാ കമ്മിറ്റി അമ്പിളിക്കല ഹോസ്റ്റലിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ജയിൽ വകുപ്പിന് കീഴിലെ അമ്പിളിക്കല കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ എത്തിച്ച തിരുവനന്തപുരം സ്വദേശി ഷമീറിനെ ക്രൂരമായി മർദ്ദിച്ചുകൊന്ന ജയിൽ ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നും പിരിച്ചു വിടണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു.
മാർച്ച് കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ ഉദ്ഘാടനം ചെയ്തു. കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങൾ കൊലയറകളാവുന്ന സ്ഥിതിയാണുള്ളതെന്ന് ജോൺ ഡാനിയൽ പറഞ്ഞു. ജയിൽ വകുപ്പിന് കീഴിലെ നിരീക്ഷണ കേന്ദ്രത്തിൽ എത്തിച്ച ഷമീർ എന്ന ചെറുപ്പക്കാരനെ മർദ്ദിച്ചു കൊന്നവരെ ജോലിയിൽ നിന്നും പിരിച്ചു വിടാതെ സംരക്ഷിച്ചു നിർത്തുകയാണ് സർക്കാർ. ഭരണതലത്തിലും പാർട്ടി തലത്തിലും സ്വാധീനമുള്ളവരാണ് മർദ്ദന കൊലക്കേസിലെ പ്രതികളെന്നും ജോൺ ഡാനിയൽ പറഞ്ഞു.
ഷമീറിന്‍റെ കൊലയ്‌ക്ക് ശേഷവും നിരീക്ഷണ കേന്ദ്രത്തിൽ കൊണ്ട് വന്ന പ്രായപൂർത്തിയാവാത്ത ആളെ പോലും മർദിച്ച് വാരിയെല്ലൊടിച്ചു. മന്ത്രിമാരുടെ അധികാരങ്ങൾ കവർന്നെടുക്കാനുള്ള തിടുക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജയിൽ വകുപ്പിൽ നടക്കുന്ന മൃഗീയ കൊലപാതകങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ജോൺ ഡാനിയൽ ആരോപിച്ചു.