തൃശൂര്‍ : കൊടുങ്ങല്ലൂരിൽ നിന്ന് 80കിലോ കഞ്ചാവ് പിടിച്ചു. കൊവിഡ് കാലത്ത് പച്ചക്കറി വണ്ടികളിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇരിങ്ങാലക്കുട പൊലീസിന്‍റെ നേതൃത്വത്തിൽ വാഹനപരിശോധന നടത്തുന്നതിനിടെയാണ് പച്ചക്കറി ലോറിയിൽ നിന്നും രണ്ട് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തിൽ ലോറി ഡ്രൈവറായ മൂത്തകുന്നം സ്വദേശി യദു, സഹായിയായ കടവൻ തുരുത്ത് ബിജു എന്നിവരെ അറസ്റ്റ് ചെയ്തു.
ഇവരെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ ലോറിയിൽ കൊണ്ടുവന്ന കഞ്ചാവ് മറ്റൊരു വണ്ടിയിൽ കയറ്റിവിട്ടുവെന്ന് വിവരം ലഭിച്ച പൊലീസ് ഈ വാഹനത്തെ പിന്തുടർന്നു. കൊടുങ്ങല്ലൂരിലെ പുല്ലൂറ്റ് നിന്നും വാഹനം പിടികൂടി നടത്തിയ പരിശോധനയിൽ 78 കിലോഗ്രാം കഞ്ചാവ് സഹിതം രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വാഹത്തിലുണ്ടായിരുന്ന പടിയൂർ സ്വദേശി സജീവൻ, വടക്കൻ പറവൂർ സ്വദേശി സന്തോഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ പല സ്ഥലങ്ങളിൽ നിന്നായി വാങ്ങുന്ന കഞ്ചാവ് ലോറി ഡ്രൈവർമാർക്ക് ഉയർന്ന തുക വാഗ്ദാനം ചെയ്താണ് കേരളത്തിലേക്ക് കടത്തുന്നത്.