തിരുവനന്തപുരം: എൻഡോസൾഫാൻ ഇരകൾക്ക് വേണ്ടി ദയാഭായിയെ പോലൊരാൾ ആറ് ദിവസമായി നിരാഹാര സമരം നടത്തിയിട്ടും സർക്കാർ ഒരു നടപടിയും സ്വീകരിക്കാതിരിക്കുന്നത് ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സെക്രട്ടറിയേറ്റിന് മുന്നിലെ സമരസ്ഥലത്ത് ദയാഭായിയെ സന്ദർശിച്ച് പിന്തുണയറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യായമായ ആവശ്യങ്ങൾ മാത്രമാണ് സമരം ചെയ്യുന്നവർ ഉയർത്തുന്നത്. എന്നാൽ ഇതിൽ ഒരു ചർച്ചയും നടക്കാത്തത് സങ്കടകരമാണ്. കാസർകോട് മതിയായ ചികിത്സ സൗകര്യമില്ലെന്നത് യാഥാർഥ്യമാണ്. ഇത് പരിഹരിക്കാൻ സർക്കാരാണ് നടപടി സ്വീകരിക്കേണ്ടത്. നേരത്തെ എൻഡോസൾഫാൻ ഇരകൾക്ക് സർക്കാർ നിരവധി ഉറപ്പുകൾ നൽകിയിട്ടുണ്ട്. എന്നാൽ ഇവയൊന്നും പാലിക്കപ്പെട്ടിട്ടില്ല.
5 വർഷമായി ഇരകളെ കണ്ടെത്താൻ മെഡിക്കൽ ക്യാമ്പുകൾ പോലും നടത്തുന്നില്ല. അതിനാൽ പുതിയ രോഗികളാരും കണക്കിൽ വരുന്നില്ല. ഇച്ഛാശക്തിയുള്ള ഒരു സർക്കാരിന് ഇവയെല്ലാം നടപ്പാക്കാൻ ഒരു ഉത്തരവ് മാത്രം മതിയാകും. ഇതിന് സർക്കാർ തയാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു.