തിരുവനന്തപുരം : യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന മുഴുവൻ മലയാളികളെയും കേരളത്തിൽ എത്തിക്കാനാകുമെന്ന് മന്ത്രി വി ശിവൻകുട്ടി. 12 മലയാളികൾ ചെന്നൈ വഴി ഞായറാഴ്‌ച വൈകിട്ട് 6:30ന് കേരളത്തിലെത്തുമെന്നും മന്ത്രി പറഞ്ഞു. യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന മെഡിക്കൽ വിദ്യാർഥിനി സ്വാതി രാജിയുടെ മാതാപിതാക്കളെ അമ്പലക്കുന്നിലെ വീട്ടിലെത്തി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികൾ ഉൾപ്പടെയുള്ള എല്ലാ മലയാളികളെയും കേരളത്തിൽ എത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ് സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരുമായി ആശയവിനിമയം നടത്തി. മലയാളികളെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് നയതന്ത്ര വിദഗ്‌ധനും കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയുമായ വേണു രാജാമണിയുടെ ഇടപെടൽ വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
READ MORE: യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരുമായുള്ള മൂന്നാം വിമാനവും ഡല്‍ഹിയില്‍ ; സംഘത്തില്‍ 25 മലയാളികള്‍
സ്വാതി രാജിയുടെ വീട്ടിൽ എത്തിയ മന്ത്രി മാതാപിതാക്കളുമായി ആശയവിനിമയം നടത്തി. സ്ഥിതിഗതികൾ വിലയിരുത്തിയശേഷം സ്വാതിയുമായി വീഡിയോ കോളിൽ സംസാരിച്ചു. മാതാപിതാക്കൾക്ക് മനോധൈര്യം പകർന്നാണ് മന്ത്രി മടങ്ങിയത്. അതേസമയം സർക്കാർ ഇടപെടലിൽ വിശ്വാസമുണ്ടെന്നും മകൾ എത്രയും വേഗം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്വാതിയുടെ പിതാവ് ഷിബു പറഞ്ഞു. എന്നാൽ ആഹാരം ഉൾപ്പടെ പരിമിതമാണ്. സാഹചര്യങ്ങൾ ദുസ്സഹമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.