തിരുവനന്തപുരം: നഗരസഭാ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ വീണ്ടും മത്സരിക്കുന്ന വഴുതക്കാട് വാർഡിൽ ഇക്കുറി തീപാറുന്ന ത്രികോണ പോരാട്ടം. വഴുതക്കാട് തിരിച്ചുപിടിക്കാൻ യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത് മുൻ കൗൺസിലറായ കെ സുരേഷ് കുമാറിനെയാണ്.
ബിജെപി ഏരിയാ പ്രസിഡന്‍റു കൂടിയായകെ എം സുരേഷാണ് എൻ.ഡി.എ സ്ഥാനാർത്ഥി. കടുത്ത പോരാട്ടമാണ് വഴുതക്കാട് നടക്കുകയെന്ന് മൂന്നു മണികളും സമ്മതിക്കുന്നു. വനിതാ സംവരണ വാർഡ് ആയിരിക്കെയാണ് കഴിഞ്ഞതവണ രാഖി രവികുമാർ ഇവിടെനിന്ന് ജയിച്ചത്. ഡെപ്യൂട്ടി മേയർ എന്ന നിലയ്ക്കുള്ള പ്രവർത്തനത്തിനൊപ്പം വാർഡിൽ നടത്തിയ വികസനം ജനങ്ങൾ വിലയിരുത്തട്ടെയെന്നാണ് രാഖി രവികുമാർ പറയുന്നത്.
കഴിഞ്ഞ തവണ രാഖി രവികുമാറിന് ലഭിച്ചത് 26 വോട്ടുകളുടെ മാത്രം ഭൂരിപക്ഷമാണ് എന്നത് യുഡിഎഫിന് ആത്മവിശ്വാസം പകരുന്നു. 2010 ൽ ഇവിടെ കൗൺസിലറായിരുന്നു യുഡിഎഫ് സ്ഥാനാർഥി കെ വിജയകുമാർ. രണ്ടുതവണ ഡെപ്യൂട്ടി മേയറും മൂന്നു പതിറ്റാണ്ടിലേറെ കൗൺസിലറും ആയിരുന്ന വഴുതക്കാട് നരേന്ദ്രനെ 2010 ൽ അട്ടിമറിച്ച ആത്മവിശ്വാസത്തിന് ഒട്ടും കുറവില്ലെന്നാണ് സ്ഥാനാർത്ഥി ചൂണ്ടിക്കാട്ടുന്നത്.
മത്സരം കടുത്തതായിരിക്കുമെന്ന് വ്യക്തമാക്കുമ്പോഴും ബിജെപി സ്ഥാനാർഥി കെ എം സുരേഷിനും ആത്മവിശ്വാസത്തിന് കുറവില്ല. വികസനത്തിൽ വാർഡ് പിന്നോക്കമാണെന്നും കേന്ദ്ര പദ്ധതികളുടെ ആനുകൂല്യം കൃത്യമായി ഇവിടെ ലഭിച്ചിട്ടില്ലെന്നും സ്ഥാനാർഥി ആരോപിക്കുന്നു. തിരുവനന്തപുരം നഗരസഭയിലെ ശ്രദ്ധേയമായ മത്സരങ്ങളിൽ ഒന്നാണ് വഴുതക്കാട്ടേത്. ഇത് ഗൗരവത്തോടെ ഉൾക്കൊണ്ട് ആദ്യ റൗണ്ട് വാർഡ് പര്യടനത്തിന്റെ തിരക്കിലാണ് സ്ഥാനാർഥികള്‍.