തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയുടെ രൂക്ഷമായ സാഹചര്യം കണക്കാക്കി നിയമസഭയുടെ രണ്ട് ദിവസത്തെ സമ്മേളനം ഒഴിവാക്കി. എംഎല്‍എമാര്‍ക്ക് മണ്ഡലങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായാണ് സഭ സമ്മേളനം ഒഴിവാക്കിയത്. ബുധനാഴ്‌ചത്തെ സഭ സമ്മേളനവും നടപടി ക്രമങ്ങള്‍ മാത്രമായാണ് അവസാനിപ്പിച്ചത്.
പ്രളയ ബാധിത മേഖലകളിലെ എം.എല്‍.എമാരെ ഒഴിവാക്കി മറ്റ് ജില്ലകളിലെ എംഎല്‍എമാരാണ് സഭ നടപടികളില്‍ പങ്കെടുത്തത്. 52 അംഗങ്ങള്‍ ബുധനാഴ്‌ച സഭയിലെത്തി. പ്രതിപക്ഷ നേതാവും പ്രളയ ബാധിത പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന മന്ത്രിമാരും സഭയിലെത്തിയില്ല. സഭ സമ്മേളനം ആരംഭിച്ചപ്പോള്‍ സ്പീക്കര്‍ എം.ബി.രാജേഷ് മഴക്കെടുതിയിലും ഉരുള്‍പ്പൊട്ടലിലും മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
തുടര്‍ന്ന് രണ്ട് ദിവസത്തെ സഭ സമ്മേളനം ഒഴിവാക്കണമെന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചു. സഭ പ്രമേയം അംഗീകരിച്ചു. ദുരന്ത മുന്നറിയിപ്പിലെ വീഴ്‌ചയും രക്ഷ പ്രവര്‍ത്തനത്തില്‍ കാലതാമസവും ഉണ്ടായോയെന്ന് വിമര്‍ശനവും പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. കെ.ബാബുവാണ് പ്രതിപക്ഷത്തു നിന്നും വിമര്‍ശനം ഉന്നയിച്ചത്. ഇതിന് മുഖ്യമന്ത്രി മറുപടിയും നല്‍കി. തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
ബുധനാഴ്‌ചത്തെ സഭ നടപടികള്‍ 28, 29 തീയതികളിലേക്കാണ് പുനക്രമീകരിച്ചിരിക്കുന്നത്. തിങ്കളാഴ്‌ചയാണ് ഇനി സഭ സമ്മേളനം ആരംഭിക്കുക. നീണ്ട ഇടവേളയ്ക്ക് ശേഷം നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറും നിയമസഭയില്‍ എത്തി. പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന്‍റെ അഞ്ച് ദിവസം മാത്രമാണ് അന്‍വര്‍ സഭയിലെത്തിയിരുന്നത്. രണ്ടാം സമ്മേളനത്തില്‍ നിന്ന് പൂര്‍ണമായും വിട്ടു നിന്നിരുന്നു. അന്‍വര്‍ സഭയിലെത്താത്തതിനെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.
READ MORE: മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ രണ്ട് ദിവസത്തെ നിയമസഭ സമ്മേളനം ഒഴിവാക്കി