തിരുവനന്തപുരം : മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ അതിക്രമിച്ചുകയറാന്‍ ശ്രമിച്ചയാളെ ജനങ്ങളുടെ മര്‍ദനത്തില്‍നിന്ന് രക്ഷിച്ച അരുവിക്കര സബ് ഇന്‍സ്‌പെക്‌ടർ കിരണ്‍ ശ്യാമിന് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രശസ്‌തി പത്രം. ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് കിരണ്‍ ശ്യാമിനെ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് അനുമോദിച്ചത്.
കഴിഞ്ഞ ദിവസം വിദ്യാകിരണം പദ്ധതിയുടെ ഉദ്‌ഘാടനം തിരുവനന്തപുരം പൂവച്ചലില്‍ നടക്കുമ്പോഴാണ് ഒരാള്‍ വേദിയിലേക്ക് തള്ളി കയറാന്‍ ശ്രമിച്ചത്. വേദിക്ക് മുന്നില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കിരണ്‍ ശ്യാമും സംഘവും ഇയാളെ തടഞ്ഞു. വേദിയില്‍ തളളികയറാന്‍ ശ്രമിച്ചതില്‍ പ്രകോപിതരായവരുടെ മര്‍ദനത്തില്‍ നിന്ന് ഇയാളെ കിരൺ ശ്യാം രക്ഷിക്കുകയായിരുന്നു. ഇതിനിടയില്‍ എസ്.ഐയ്ക്കും മർദനമേറ്റിരുന്നു. ഈ മനുഷ്യത്വപരമായ പ്രവര്‍ത്തനത്തിനാണ് അംഗീകാരം.
ALSO READ: ആട്ടിന്‍കുട്ടി മുതല്‍ വസ്‌ത്രങ്ങള്‍ വരെ...മകള്‍ക്ക് വേറിട്ട വിവാഹ സമ്മാനവുമായി മാതാപിതാക്കള്‍
എഡിജിപി മനോജ് എബ്രഹാം, ദക്ഷിണമേഖല ഐജി പി പ്രകാശ്, തിരുവനന്തപുരം റൂറല്‍ ജില്ല പൊലീസ് മേധാവി ഡോ. ദിവ്യ വി ഗോപിനാഥ് എന്നിവരും മറ്റ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.