തിരുവനന്തപുരം : ലോക്ക് ഡൗൺ കാലാവധിക്ക് ശേഷം സംസ്ഥാനത്ത് ആറ് പുതിയ ബാറുകൾ കൂടി പ്രവർത്തനം ആരംഭിക്കും.വയനാട്, മലപ്പുറം, കണ്ണൂർ, തൃശൂർ ജില്ലകളിലാണ് ബാറുകൾ അനുവദിച്ചിരിക്കുന്നത്. വയനാട്, മലപ്പുറം ജില്ലകളിൽ രണ്ട് ബാറുകളും കണ്ണൂർ ,തൃശൂർ ജില്ലകളിൽ ഓരോ ബാറുകളുമാണ് പ്രവർത്തനം ആരംഭിക്കുക. ലോക്ക് ഡൗൺ സമയമായ ഏപ്രിൽ മാസത്തിലാണ് ബാറുകളുടെ ലൈസൻസ് ഫീസ് അടച്ചിരിക്കുന്നത്. ഇതോടെ ലോക്ക് ഡൗണിന്‍റെ മറവിൽ സംസ്ഥാനത്ത് ബാറുകൾ അനുവദിച്ചുവെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്.
എന്നാൽ ഈ ആരോപണങ്ങൾ എക്സൈസ് വകുപ്പ് തള്ളി. മാർച്ച് 10ന് ശേഷം ഒരു ബാറുകളും അനുവദിച്ചിട്ടില്ല. ഫെബ്രുവരി മാർച്ച് മാസങ്ങളിലാണ് ലൈസൻസ് അനുവദിച്ചത്. എന്നാൽ കൊവിഡിനെ തുടർന്ന് ഫീസ് അടയ്ക്കാനുള്ള സമയപരിധി ഏപ്രിൽ 30 വരെ നീട്ടി നൽകിയിരുന്നു. ഇതിനാലാണ് ലൈസൻസ് ഫീസ് ഏപ്രിലിൽ സ്വീകരിച്ചതെന്നും എക്സൈസ് വിശദീകരിക്കുന്നു.
കൊവിഡ് കാലത്ത് ഒരു അപേക്ഷയും പരിഗണിച്ചിട്ടില്ലെന്നാണ് വകുപ്പ് വ്യക്തമാക്കുന്നത്. മാർച്ച് 13ന് നിയമസഭാസമ്മേളനം കഴിഞ്ഞതിനുശേഷമാണ് ബാറുകൾക്ക് ലൈസൻസ് നൽകിയിരിക്കുന്നത്. ത്രീസ്റ്റാർ ബാറുകൾക്ക് അനുമതി നൽകാമെന്നതാണ് സംസ്ഥാന സർക്കാറിന്‍റെ നിലപാട്. 598 ബാറുകളാണ് നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. 258 ബിയർ പാർലറുകളും പ്രവർത്തിക്കുന്നുണ്ട്.