തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നിയമനിര്‍മാണം സാധ്യമല്ലെന്ന് നിയമസഭയിലും ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭക്തർക്ക് സമാധാന പൂർണമായ ദർശനം ഒരുക്കുമെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റേതെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഐ.സി ബാലകൃഷ്‌ണന്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മൗലികാവകാശങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമനിർമാണം സാധ്യമല്ലെന്ന് പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. എന്നാൽ സംസ്ഥാന സർക്കാരിന് നിയമനിർമാണം സാധ്യമല്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തി. കൺകറണ്ട് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയമായതിനാൽ സംസ്ഥാന സർക്കാരിന് നിയമനിർമാണം നടത്താമെന്ന് രമേശ് ചെന്നിത്തല വാദിച്ചു. ജെല്ലിക്കെട്ട് വിഷയത്തിന് സമാനമായ നിയമ നിർമാണം നടത്തണമെന്ന പി.സി ജോർജിന്‍റെ അഭിപ്രായത്തോട്, ജെല്ലിക്കെട്ട് വിഷയം പോലെയല്ല ശബരിമല വിഷയമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. നിയമം കൊണ്ടുവരുമെന്ന് പലരും പ്രഖ്യാപിച്ചെങ്കിലും അത് നടപ്പാക്കിയില്ല. അത് ഭക്തജനങ്ങളെ കബളിപ്പിക്കാനുള്ള പ്രചാരണം മാത്രമായിരുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഭക്തരുടെ വിശ്വാസം സംരക്ഷിക്കുകയെന്നതാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.