തിരുവനന്തപുരം: യു.ഡി.എഫ് ജനപ്രതിനിധികള്‍ വാളയാര്‍ അതിര്‍ത്തിയില്‍ എത്തിയത് കൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ കേരളത്തിലെത്തിയതെന്ന് പ്രചരിപ്പിക്കാനുള്ള പ്രതിപക്ഷ ശ്രമം വിലപ്പോകില്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍.
അതുകൊണ്ട് എന്തെങ്കിലും രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള യു.ഡി.എഫിന്‍റെ ശ്രമം ആരും അംഗീകരിക്കില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത്തരം പ്രവര്‍ത്തികള്‍ ഗുണമോ ദോഷമോ എന്ന് പ്രതിപക്ഷം വിലയിരുത്തണം. അവിടെ നടന്നത് ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് ചേര്‍ന്നതാണോ എന്ന് പ്രതിപക്ഷം ആലോചിക്കണം. പ്രതിപക്ഷം സര്‍ക്കാരിനൊപ്പം ചേര്‍ന്ന് കേരളത്തെ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടു പോകുകയാണ് വേണ്ടതെന്ന് ഇ.ടി.വി ഭാരതിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഫലപ്രദമായ പ്രതിദിന അവലോകന യോഗങ്ങളിലൂടെയാണ് കേരളത്തില്‍ കൊവിഡ് പ്രതിരോധം ലോകോത്തരമാക്കാനായതും അവശ്യ വവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനായതും. അവലോകന യോഗങ്ങളില്‍ മുഖ്യമന്ത്രി ഏകപക്ഷീയമായാണ് തീരുമാനമെടുക്കുന്നതെന്ന പ്രതിപക്ഷ ആരോപണം തീര്‍ത്തും വസ്തുതാ വിരുദ്ധമാണ്. സര്‍ക്കാരിനു വണ്ടി കാര്യങ്ങള്‍ വിശദീകരിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും വാര്‍ത്താ സമ്മേളനങ്ങളില്‍ എല്ലാ ദിവസവും പങ്കെടുത്തിട്ടും തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.