തിരുവനന്തപുരം: ജനരോഷം ശക്തമായത് കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവാസികളുടെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നു വച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാജയം അംഗീകരിക്കാനുള്ള വൈമനസ്യം കൊണ്ടാണ് മുഖ്യമന്ത്രി വീണ്ടും പി.പി.ഇ കിറ്റിന്‍റെ കാര്യം പറയുന്നത്. കിറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ സൗജന്യമായി കിട്ടുന്നതാണ്. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന് അഭിപ്രായ വ്യത്യാസമില്ല.
പ്രവാസികളുടെ കാര്യത്തില്‍ തുടക്കം മുതല്‍ തന്നെ സര്‍ക്കാരിന്‍റേത് തെറ്റായ സമീപനമായിരുന്നു. കേന്ദ്രവുമായി ആലോചിക്കാതെയാണ് സര്‍ക്കാര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. മരണ സംഖ്യ കൂടിയപ്പോഴും തൊടുന്യായങ്ങള്‍ പറഞ്ഞ് പ്രവാസികളുടെ മടങ്ങിവരവ് മുടക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് ചെന്നിത്തല ആരോപിച്ചു.