തിരുവനന്തപുരം : സംസ്ഥാനത്ത് ഐസിയു, വെന്‍റിലേറ്റർ പ്രതിസന്ധിയില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഒരു ജില്ലയിലും തീവ്രപരിചരണ ചികിത്സയ്ക്ക് ഇപ്പോൾ ബുദ്ധിമുട്ട് നേരിടുന്നില്ല.
ആശങ്ക പരത്തുന്ന തരത്തിലുള്ള പ്രചരണങ്ങളാണ് നടക്കുന്നത്. ഇത് ഒഴിവാക്കേണ്ടതാണ്. സർക്കാർ ആശുപത്രികൾക്ക് പുറമെ എംപാനൽ ചെയ്‌ത 281 സ്വകാര്യ ആശുപത്രികളിലും എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ കൊവിഡ് ചികിത്സ സൗജന്യമാണെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാർ ആശുപത്രികളിൽ ഐസിയു സൗകര്യമോ വെൻ്റിലേറ്റർ സൗകര്യമോ ലഭ്യമല്ലെങ്കിൽ ഇത്തരം ആശുപത്രികളിലേക്ക് മാറ്റി ചികിത്സിക്കുന്നതിനുള്ള സംവിധാനമുണ്ട്.
READ MORE: 35 ശതമാനത്തിനും രോഗം ബാധിക്കുന്നത് വീടുകളിൽ നിന്നെന്ന് ആരോഗ്യമന്ത്രി
സർക്കാർ ആശുപത്രികളിൽ ആകെ 3048 ഐസിയു കിടക്കകളുള്ളതിൽ 43 ശതമാനം ഒഴിവുണ്ട്. 2293 വെൻറിലേറ്ററുകളില്‍ 75 ശതമാനം ഒഴിവുണ്ട്. 281 എംപാനൽഡ് ആശുപത്രികളിൽ 20724 കിടക്കകള്‍ സജ്ജമാണ്.
ഈ ആശുപത്രികളിൽ 2,082 ഐസിയുകളും 1081 വെൻ്റിലേറ്ററുകളുമുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം കൂടിയാൽ സ്വകാര്യ ആശുപത്രികളിലെ കിടക്കകളുടെയും ഐസിയു സംവിധാനങ്ങളുടെയും എണ്ണം വർധിപ്പിക്കാൻ സാധിക്കുമെന്നും ആശങ്ക വേണ്ടെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.