തിരുവനന്തപുരം : അട്ടപ്പാടിയിലെ മുരുഗള ഊരിലെ ശിശു മരണത്തിൽ സർക്കാർ സംവിധാനങ്ങൾക്ക് വീഴ്‌ചയുണ്ടായിട്ടില്ലെന്ന് പട്ടികജാതി പട്ടികവർഗ വികസന ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണൻ. കുഞ്ഞ് മരിച്ചത് ചികിത്സ കിട്ടാതെയല്ലെന്ന് മന്ത്രി പറഞ്ഞു. മരണത്തിൽ സർക്കാരിനെ പഴിചാരാൻ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പ്രതിപക്ഷം ഉന്നയിക്കുകയാണ്.
അട്ടപ്പാടിയിൽ കൃത്യമായ ഇടപെടൽ ഉണ്ടായിട്ടുണ്ട്. ഇക്കാര്യം വ്യക്തമായി അറിയാവുന്നയാളാണ് എൻ ഷംസുദ്ദീൻ എംഎൽഎ. എന്നിട്ടാണ് ഇടപെടൽ പരാജയം എന്ന് പറയുന്നത്. ഇത് നിർഭാഗ്യകരമാണെന്നും മന്ത്രി കെ രാധാകൃഷ്‌ണന്‍ പറഞ്ഞു.
സംസ്ഥാനത്തെ നൂറിലധികം ആദിവാസി ഊരുകളിൽ റോഡ് സൗകര്യമില്ല. ഊരുകളിലേക്ക് റോഡ് നിർമിക്കുന്നതിന് കോടികളുടെ ചിലവും നിരവധി അനുമതികളും ആവശ്യമാണ്. ഇതിനായി സർക്കാർ ശ്രമം നടത്തുന്നുണ്ട്.
ഈ ഊരുകളിലുള്ളവരെ അടിസ്ഥാന സൗകര്യമുള്ള മേഖലകളിലേക്ക് പുനരധിവസിപ്പിക്കുന്നതിനുള്ള ശ്രമം നടത്തുന്നുണ്ട്. വൈദ്യുതി ഇല്ലാത്തിടത്ത് അത് എത്തിക്കുമെന്നും ഇത് സാധിക്കാത്തിടത്ത് സോളാർ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.