തിരുവനന്തപുരം: വൈദ്യുതി ബോർഡിൽ മാനേജ്മെൻ്റുമായി നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിനായി ഇടത് അനുകൂല സംഘടനയായ കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷനും വൈദ്യുതി മന്ത്രി കെ കൃഷ്‌ണന്‍കുട്ടിയുമായി നടന്ന ചര്‍ച്ചയില്‍ അന്തിമ തീരുമാനമായില്ല. നിയമവശം പരിശോധിച്ചും ബോർഡ് മാനേജ്മെന്‍റുമായും ആലോചിച്ചും ഉചിതമായ തീരുമാനമെടുക്കുമെന്ന് മന്ത്രി അറിയിച്ചു. ബോർഡ് മാനേജ്മെൻ്റ് എടുക്കുന്ന തീരുമാനങ്ങളിൽ ഇടപെടാനാകില്ലെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി മന്ത്രിയുമായി നടന്ന ചർച്ച ആരോഗ്യപരമാണെന്നും പ്രതീക്ഷ നൽകുന്ന മറുപടിയാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ഓഫീസേഴ്‌സ് അസോസിയേഷൻ അറിയിച്ചു. ബോർഡ് മാനേജ്മെന്‍റ് പ്രതികാര നടപടികൾ പിൻവലിക്കുക, ഏകപക്ഷീയ സമീപനം തിരുത്തുക, ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ച് അവരെ അതേ സ്ഥലങ്ങളിൽ നിയമിക്കുക, സ്ത്രീവിരുദ്ധ പരാമർശം പിൻവലിച്ച് ചെയർമാൻ ഖേദം പ്രകടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ചർച്ചയിൽ പ്രധാനമായും ഓഫീസേഴ്‌സ് അസോസിയേഷൻ ഉന്നയിച്ചത്. 11 മണിക്ക് ഓൺലൈനായി ആരംഭിച്ച ചർച്ച 12 മണിയോടെയാണ് അവസാനിച്ചത്.
അതേസമയം, വൈദ്യുതി മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ അനുകൂല തീരുമാനം ഉണ്ടായാൽ സംഘടനയുടെ കേന്ദ്ര കമ്മറ്റി കൂടിയാലോചിച്ച് സമര പരിപാടികളിൽ മാറ്റം വരുത്തുമെന്നും ഓഫീസേഴ്‌സ് അസോസിയേഷൻ അറിയിച്ചു. മന്ത്രിയെ കൂടാതെ ചർച്ചയിൽ ചെയർമാൻ ബി അശോക്, ബോർഡ് ഡയറക്‌ടർമാർ, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്നിവരും പങ്കെടുത്തു.