തിരുവനന്തപുരം : അബ്കാരി ആക്‌ട് ഭേദഗതി ചെയ്ത് സർക്കാർ. വെയർഹൗസുകൾ വഴിയും ആവശ്യക്കാർക്ക് മദ്യം വിതരണം ചെയ്യാമെന്നതാണ് ഭേദഗതി. നേരത്തെ ബിവറേജ് കോർപ്പറേഷന്‍റെ ഔട്ട് ലെറ്റുകളിലേക്കും ബാറുകളിലേക്കുമാണ് വെയർഹൗസുകളിൽ നിന്നും മദ്യം നൽകിയിരുന്നത്. ഇതാണ് സർക്കാർ മാർച്ച് 30 മുതലുള്ള മുൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്തത്. കൊവിഡിനെ തുടർന്ന് സംസ്ഥാനത്ത് ബാറുകളും ഔട്ട്‌ലെറ്റുകളും അടഞ്ഞു കിടക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി.
ഡോക്ടർമാരുടെ കുറിപ്പടി പ്രകാരം മദ്യം വിതരണം ചെയ്യാമെന്ന് നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നുവെങ്കിലും ഹൈക്കോടതി ഇത് സ്റ്റേ ചെയ്തിരുന്നു. എന്നാൽ ഭേദഗതികളിലെ മാനദണ്ഡങ്ങൾ സംബന്ധിച്ച് സർക്കാർ വ്യക്തത വരുത്തിയിട്ടില്ല. അതേസമയം ലോക്ക് ഡൗൺ കാലയളവിലല്ല ചട്ടം ഭേദഗതി ചെയ്തതെന്നും കൂടുതൽ കാര്യങ്ങൾ നാളെ വാർത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കാമെന്നും എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ അറിയിച്ചു.