തിരുവനന്തപുരം: തിരുവിതാംകൂര്‍ ഗവണ്‍മെന്‍റിന്‍റെ കാലത്ത് ശ്രീ ചിത്തിര തിരുനാള്‍ 1938 ഫെബ്രുവരി 20ന് ഉദ്ഘാടനം ചെയ്ത തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്‍റാണ് 1965 ഏപ്രില്‍ ഒന്നിന് സ്വയംഭരണാധികാരത്തോടെയുള്ള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ആക്കി മാറ്റിയത്. 1970 വരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന സ്ഥാപനം പിന്നീട് ലാഭനഷ്ടങ്ങളുടെ മാനേജ്‌മെന്‍റ് രീതിയിലേക്ക് കടന്നു. പൊതുജനങ്ങള്‍ക്ക് ചെലവ് കുറഞ്ഞ സുരക്ഷിത യാത്ര പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തില്‍ നിന്ന് ലാഭത്തോടു കൂടി മുതല്‍ തിരിച്ച് പിടിക്കുക എന്ന ലക്ഷ്യത്തിലേക്ക് മാറി. ഇത് കൃത്യമായ ഒരു ചുവട് മാറ്റമായിരുന്നു. ഒപ്പം പ്രതിസന്ധിയിലേക്കുള്ള ചുവടുവയ്പ്പും.
മാറിമാറി അധികാരത്തില്‍ വരുന്നവരുടെയും, വലിയ മാറ്റങ്ങളില്ലാതെ തുടരുന്ന മാനേജ്മെന്‍റിന്‍റെയും കക്ഷിരാഷ്ട്രീയ സാമ്പത്തിക താല്‍പര്യങ്ങളാണ് ദീര്‍ഘകാലമായി കെഎസ്ആര്‍ടിസിയെ നിയന്ത്രിക്കുന്നത്. 1950 ലെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ആക്ട് പ്രകാരം ഒരു 'പബ്ലിക്ക് യൂട്ടിലിറ്റി സര്‍വീസ്' ആയിട്ട് മാത്രമാണ് കോര്‍പ്പറേഷന് പ്രവര്‍ത്തിക്കാനാവുന്നത്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി സംസ്ഥാന സർക്കാരുകളുടെ ഏറ്റവും വലിയ വെല്ലുവിളിയാണ് കെഎസ്‌ആര്‍ടിസിയെ കടക്കെണിയില്‍ നിന്ന് കരകയറ്റുക എന്നത്. പുനരുദ്ധാരണ പാക്കേജുകള്‍ പലതും പ്രഖ്യാപിച്ചെങ്കിലും ഫലം കണ്ടില്ല. അടുത്തിടെ അധികാരമേറ്റ സിഎംഡി മുന്നോട്ട് വച്ച നവീകരണ നിര്‍ദ്ദേശങ്ങള്‍ക്ക് എതിരെ പതിവ് പോലെ വ്യാപക എതിര്‍പ്പും പ്രതിഷേധവും ഉയര്‍ന്നു. സ്ഥാപനത്തിലെ അഞ്ചു ശതമാനം പേര്‍ കെഎസ്‌ആര്‍ടിസിക്ക് എതിരെ പ്രവര്‍ത്തിക്കുന്നു എന്ന തുറന്നുപറച്ചിലാണ് വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടത്. കെഎസ്‌ആര്‍ടിസിയുടെ കീഴില്‍ സ്വിഫ്റ്റ് കമ്പനി രൂപീകരിച്ചതും പ്രതിഷേധത്തിന് ആക്കം കൂട്ടി.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 5000 കോടിയാണ് കെഎസ്‌ആർടിസിക്കായി ചെലവാക്കിയത്. പക്ഷേ പ്രതിദിന വരുമാനം വായ്പാ തിരിച്ചടവിനും ഡീസലിനും മാത്രമായി ചുരുങ്ങി. സുശീല്‍ ഖന്ന റിപ്പോര്‍ട്ട് പ്രകാരം രണ്ടു വര്‍ഷത്തിനുള്ളില്‍ കെഎസ്ആര്‍ടിസിയെ നഷ്ടത്തില്‍ നിന്ന് കരകയറ്റുമെന്നായിരുന്നു അധികാരത്തിലേറിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ അഞ്ചു വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കി ഇടതുമുന്നണി ഇറങ്ങുമ്പോള്‍ മാസശമ്പളം നല്‍കാൻ പ്രയാസപ്പെടുന്ന തരത്തില്‍ ദയനീയ അവസ്ഥയിലാണ് കെഎസ്‌ആർടിസി.