തിരുവനന്തപുരം: പ്രളയവും കൊവിഡും തളർത്തിയ സംസ്ഥാനത്തെ ടൂറിസം മേഖലയെ അതിജീവിപ്പിക്കാനുള്ള തീവ്രശ്രമങ്ങളിലാണ് സംസ്ഥാന സർക്കാർ. കേരളത്തിന്‍റെ സമ്പദ്ഘടനയുടെ നട്ടെല്ലായ ടൂറിസം രംഗം തിരിച്ചുവരവിന്‍റെ പാതയിലാണെന്ന് ടൂറിസം വകുപ്പ് ഡയറക്ടർ ബാലകിരൺ ഇടിവി ഭാരതിനോട് പറഞ്ഞു. 24 വർഷത്തിനിടയിലെ ഏറ്റവും വലിയ വളർച്ചയാണ് 2019ൽ കേരള ടൂറിസം കൈവരിച്ചത്. 17.2 ശതമാനം. എന്നാൽ പിന്നീട് ഉണ്ടായ കൊവിഡ് മഹാമാരി സംസ്ഥാന ടൂറിസം മേഖലയെ നിർജീവമാക്കി. 2019ൽ 45000 കോടി രൂപയാണ് ടൂറിസം രംഗത്ത് നിന്ന് മാത്രം കേരളത്തിന് ലഭിച്ചത്. അതേസമയം, 2020ൽ 35000 കോടിയോളം രൂപയുടെ നഷ്ടം ഈ മേഖലയിൽ ഉണ്ടായതായാണ് കണക്കാക്കപ്പെടുന്നത്.
കൊവിഡിന്‍റെ ആദ്യ ഘട്ടത്തിൽ സംസ്ഥാനത്ത് കുടുങ്ങിയ വിദേശികളെ മടക്കി അയക്കുന്നതിനായിരുന്നു പ്രഥമ പരിഗണന നൽകിയത്. പിന്നീട് മാസങ്ങള്‍ക്ക് ശേഷം ഇക്കഴിഞ്ഞ ഒക്ടോബർ ഒന്നുമുതൽ ഘട്ടംഘട്ടമായി ടൂറിസം കേന്ദ്രങ്ങൾ തുറക്കുകയായിരുന്നു. നവംബർ ഒന്നോടെ സംസ്ഥാനത്തെ എല്ലാ ടൂറിസം കേന്ദ്രങ്ങളും പ്രവർത്തനസജ്ജമായി. കേരളത്തിന്‍റെ ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിനായി 465 കോടി രൂപയുടെ പാക്കേജ് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രഖ്യാപിച്ച് കഴിഞ്ഞു. അന്തർദേശീയ വിമാന സർവീസുകൾ മുഴുവനായി പുനസ്ഥാപിക്കാത്ത സാഹചര്യത്തിൽ ആഭ്യന്തര സഞ്ചാരികളെയാണ് നിലവിൽ ടൂറിസം വകുപ്പ് കൂടുതലായും പ്രതീക്ഷിക്കുന്നത്.
ഇതിനിടെ ഡിസംബർ, ജനുവരി മാസങ്ങളിൽ ഭേദപ്പെട്ട സഞ്ചാരികളുടെ വരവ് ഉണ്ടായിട്ടുണ്ട്. 2019 ൽ 1118000 സഞ്ചാരികളാണ് കേരളത്തിലേക്ക് എത്തിയത്. മുൻവർഷങ്ങളിലേതിൽ നിന്ന് 8.5 ശതമാനം വളർച്ച. കേരളത്തിലെ ടൂറിസം മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് 15 കോടി ചെലവിൽ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ടെലിവിഷൻ ചാനലുകൾ, പത്രമാധ്യമങ്ങൾ, റേഡിയോ, സാമൂഹിക മാധ്യമങ്ങൾ ഉൾപ്പടെയുള്ളവയുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തുന്നുണ്ട്. മെട്രോ നഗരങ്ങളിൽ ഉൾപ്പടെ കാമ്പയിൻ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് ടൂറിസം വകുപ്പ് ആലോചിക്കുന്നത്. രാജ്യ വ്യാപകമായി വാക്‌സിൻ എത്തുന്നതോടെ കേരളാ ടൂറിസം പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുമെന്നും ബാലകിരൺ പറഞ്ഞു.