തിരുവനന്തപുരം: ലോക്ക് ഡൗണ്‍ അധിഷ്ഠിതമായ കൊവിഡ് നിയന്ത്രണ നയത്തിനെതിരെ കേരളത്തിലെ മുന്‍ പൊലീസ് മേധാവി ജേക്കബ് പുന്നൂസ്. ഈ നയം ഇനിയും പ്രായോഗികമല്ലെന്ന് ഇ.ടി.വി ഭാരതിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഇനി ലോക്ക് ഡൗണ്‍ നടപ്പാക്കിയാല്‍ അത് ദാരിദ്ര്യ വത്കരണം അടിച്ചേല്‍പ്പിക്കുന്നതിന് കാരണമാകും. സ്ഥിര വരുമാനമുള്ളവരും അടച്ചു പൂട്ടലില്‍ വരുമാന നഷ്‌ടമില്ലാത്തവരുമാണ് ലോക്ക് ഡൗണ്‍ വേണമെന്ന വാദം ഉയര്‍ത്തുന്നത്. കടകള്‍ അടച്ചിടുകയല്ല, കൂടുതല്‍ സമയം പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. എട്ട് മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ 16 മണിക്കൂര്‍ പ്രവര്‍ത്തിച്ചാല്‍ കടകളിലെ തിക്കും തിരക്കും ഒഴിവാക്കാം.
കടകള്‍ തുറക്കരുതെന്നും ആരും വഴി നടക്കരുതെന്നുമുള്ള തരത്തിലുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ വളരെ എളുപ്പമാണ്. എളുപ്പമുള്ളത് നടപ്പാക്കാനല്ല നാം ശ്രമിക്കേണ്ടത്. ഇത് ഒഴിവാക്കി ഒരു സെല്‍ഫ് ലോക്ക് ഡൗണിലേക്ക് നമ്മള്‍ നീങ്ങണം. മുഖാവരണം ധരിച്ചും കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കിയും സാമൂഹിക അകലം പാലിച്ചും ഓരോരുത്തരും കൊവിഡിനെതിരെ ജാഗരൂകരാകണം. മനുഷ്യരില്‍ ആരില്‍ നിന്നും രോഗം പകരാമെന്ന സ്ഥിതി വിശേഷം നിലനില്‍ക്കുമ്പോള്‍ കടയടച്ചുകൊണ്ടോ വഴിയടച്ചതു കൊണ്ടോ കാര്യമില്ല. തങ്ങള്‍ രോഗബാധിതരാണെന്നറിയാത്ത ലക്ഷക്കണക്കിന് അജ്ഞാത രോഗികളാണ് ഇപ്പോള്‍ നമ്മുക്കിടയിലുള്ളത്. അവരെ ചെറിയ ക്ലസ്റ്ററുകളാക്കി അടച്ചിട്ടതു കൊണ്ട് രോഗ വ്യാപനം തടയാനാകില്ല. അങ്ങനെ ചെയ്താല്‍ ആ ക്ലസ്റ്ററുകളില്‍ രോഗം പടര്‍ന്നു കൊണ്ടേയിരിക്കും എന്നതിനുദാഹരണമാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ രോഗ വ്യാപനം.
ലോക്ക് ഡൗണ്‍ ആദ്യകാലത്ത് ഫലപ്രദമായിരുന്നു. അന്ന് വിദേശങ്ങളില്‍ നിന്ന് വരുന്നവര്‍ക്കു മാത്രമായിരുന്നു രോഗ ബാധ. എന്നാല്‍ ഇന്ന് സമൂഹത്തിലേക്ക് രോഗം വ്യാപിച്ചു കഴിഞ്ഞു. സേവന മേഖലയില്‍ അധിഷ്ഠിതമായ സമ്പദ് ഘടനയാണ് കേരളത്തിന്‍റേത്. കൂടുതല്‍ അടച്ചിടലിലൂടെ സേവന മേഖല അപ്പാടെ നിശ്ചലമാകും. ജനങ്ങളുടെ വരുമാനം നിലയ്ക്കും. കൊവിഡിനെ മാത്രമല്ല, ദാരിദ്ര്യത്തേയും നമ്മള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. അതിനാല്‍ ദാരിദ്ര്യത്തെ ക്ഷണിച്ചു വരുത്തുന്നതാകും കൂടുതല്‍ നിയന്ത്രണങ്ങള്‍. എന്നാല്‍ പലപ്പോഴും ഈ നിലയില്‍ പലരും ചിന്തിച്ചു കാണുന്നില്ലെന്ന് ജേക്കബ് പുന്നൂസ് വ്യക്തമാക്കി.