തിരുവനന്തപുരം : പൂജപ്പുരയിൽ മരുമകന്‍റെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. മുടവൻമുകൾ സ്വദേശികളായ സുനിൽ, മകൻ അഖിൽ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ സുനിലിന്‍റെ മരുമകൻ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലയ്ക്ക് കാരണം എന്ന് പൊലീസ് അറിയിച്ചു.
ചൊവ്വാഴ്‌ച രാത്രിയോടെയാണ് സംഭവം. അരുണിന്‍റെ മദ്യപാനവുമായി ബന്ധപ്പെട്ട് ദമ്പതികള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. ഇതേതുടർന്ന് അരുണിന്‍റെ ഭാര്യ അപര്‍ണ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തി.
ഭാര്യയെ തിരിച്ചുവിളിക്കാൻ എത്തിയതാണ് അരുൺ. എന്നാല്‍ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു. മകളെ ഒപ്പം വിടാൻ താൽപര്യമില്ലെന്ന് സുനിൽ പറഞ്ഞതോടെ ഇയാള്‍ വഴക്കിടുകയും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്‌തു.
ALSO READ : സംസ്ഥാനത്ത് മഴക്കെടുതി മുന്നൊരുക്കങ്ങൾ ശക്തമാക്കി റവന്യൂ വകുപ്പ്
എന്നാല്‍ രാത്രി എട്ടരയോടെ വീണ്ടുമെത്തി വഴക്കിടുകയും ആക്രമിക്കുകയുമായിരുന്നു. അഖിലിന്‍റെ നെഞ്ചിലാണ് ആദ്യം കുത്തേറ്റത്. തടയാന്‍ ശ്രമിക്കവെ സുനിലിന്‍റെ കഴുത്തിലും നെഞ്ചിലും കുത്തേറ്റു. പൊലീസ് എത്തി ഇരുവരെയും മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി.