തിരുവനന്തപുരം: ഓരോ യാത്രകളും പുതിയ അനുഭവങ്ങളാണ്. യാത്രകൾ പുതുമയും വ്യത്യസ്‌തവുമാകുമ്പോൾ അനുഭവങ്ങളുടെ ആഴത്തിന് ആക്കം കൂടും. അത്തരത്തിൽ വ്യത്യസ്‌തമായ സൈക്കിൾ സവാരിയുമായി കേരളത്തിൽ നിന്നും ലണ്ടനിലേക്കുള്ള തൻ്റെ സ്വപ്‌ന യാത്രയ്ക്ക് ഒരുങ്ങുകയാണ് കോഴിക്കോട് അത്തോളി സ്വദേശി ഫായിസ് അഷ്റഫ് അലി. തന്‍റെ യാത്ര അനുഭവങ്ങളും പുതിയ യാത്രാ വിശേഷങ്ങളും ഫായിസ് ഇ.ടി.വി ഭാരതുമായി പങ്കുവയ്ക്കുന്നു.
വിപ്രോയിൽ എൻജിനീയറായിരുന്ന ഫായിസ് ജോലി ഉപേക്ഷിച്ചാണ് സൈക്കിളിൽ ദീർഘദൂര യാത്രകൾ ചെയ്യുന്നത്. ഭാര്യ അസ്‌മിൻ്റെയും കുടുംബത്തിൻ്റെയും പൂർണ പിന്തുണ ഫായിസിൻ്റെ യാത്രകൾക്ക് കരുത്ത് പകരുന്നു. കോഴിക്കോട് നിന്നും സിംഗപ്പൂരിലേക്കുള്ള ആദ്യ യാത്രക്ക് ശേഷമാണ് ലണ്ടൻ യാത്രക്കുള്ള ഒരുക്കൾ ഫായിസ് ആരംഭിച്ചത്.
ലണ്ടൻ യാത്ര ഒറ്റയ്‌ക്ക്
ആദ്യ യാത്രയ്ക്ക് കൂട്ടിനായി സുഹൃത്ത് ഒപ്പമുണ്ടായിരുന്നെങ്കിൽ ഇത്തവണ ഒറ്റയ്ക്ക് ലോകം ചുറ്റാനിറങ്ങുകയാണ് ഈ ചെറുപ്പക്കാരൻ. ഇതുവരെ ആരും ചെയ്യാത്ത യാത്രയായതിനാൽ ആരോടും അഭിപ്രായം ചോദിക്കാനാകില്ല. എന്നാൽ ഫായിസിൻ്റെ മനസിൽ വ്യക്തമായൊരു പ്ലാനുണ്ട്. ഒരു സ്പോൺസറെ ലഭിച്ചാൽ കഴിവതും വേഗത്തിൽ യാത്ര ആരംഭിക്കാം.
യാത്ര എപ്പോൾ അവസാനിപ്പിക്കണമെന്നോ, എങ്ങനെ അവസാനിപ്പിക്കണമെന്നോ തീരുമാനിച്ചിട്ടില്ല. എല്ലാം വരുന്നിടത്തു വെച്ച് കാണാമെന്നാണ് ഫായിസ് പറയുന്നത്. യാത്രയ്ക്കായി സർക്കാർ സഹായവും തേടിയിട്ടുണ്ട്. ഇതിനായി യാത്രയുമായി ബന്ധപ്പെട്ട രേഖകളും സമർപ്പിച്ചിട്ടുണ്ട്.
ആദ്യ യാത്ര സിംഗപ്പൂരിലേക്ക്
കോഴിക്കോട് നിന്നും സിംഗപ്പൂർ വരെയായിരുന്നു ഫായിസിൻ്റെ ആദ്യയാത്ര. സൈക്കിളിൽ 8000 കിലോ മീറ്റർ താണ്ടി 104 ദിവസം കൊണ്ട് ഇന്ത്യ, നേപ്പാൾ, ബൂട്ടാൻ, മ്യാൻമർ, തായ്‌ലൻഡ്, മലേഷ്യ എന്നീ രാജ്യങ്ങൾ കടന്നാണ് ഫായിസ് സിംഗപ്പൂരിലെത്തിയത്. റോട്ടറി ക്ലബ്ബിന്‍റെ സ്പോൺസർഷിപ്പിലൂടെയായിരുന്നു യാത്ര.
ഇന്ത്യയിലെ 9 സംസ്ഥാനങ്ങളിലൂടെ യാത്രചെയ്താണ് ഫായിസ് മ്യാൻമറിൽ എത്തിയത്. യാത്രയ്ക്കിടെ ഒറീസ ഹൈവേയിൽ വച്ച് ഫോൺ രണ്ടുപേർ ചേർന്ന് തട്ടിയെടുത്തു. ആശയവിനിമയം മുടങ്ങിയെങ്കിലും മനസ് മടിച്ചില്ല, യാത്ര തുടർന്നു. ഇത്തരത്തിലുള്ള പല ദുരനുഭവങ്ങളും യാത്രയ്ക്കിടെ ഫായിസിന് നേരിടേണ്ടിവന്നിട്ടുണ്ട്.
യാത്രയിലെ അവിസ്‌മരണീയ നിമിഷങ്ങൾ
സിംഗപ്പൂരിലേക്കുള്ള യാത്രക്കിടയിൽ ചെന്നൈയിലെ ചിന്നസേലം എന്ന സ്ഥലത്തെത്തിയപ്പോൾ യാത്ര ശുഭകരമായി പൂർത്തീകരിക്കാൻ അവിടുത്തെ നാട്ടുകാരനായ ഒരു മനുഷ്യൻ വർഷങ്ങൾ പഴക്കമുള്ള ഒരു അമ്പലത്തിൽ കൊണ്ടുപോയി ഒരു പൂജ ചെയ്തു. അങ്ങനെ ജീവിതത്തിലാദ്യമായി ഒരു അമ്പലത്തിലും കയറിയെന്ന് ഫായിസ് പറയുന്നു. ആദ്യ യാത്രയിൽ കൂടുതൽ ആകർഷിപ്പിച്ചത് തായ്‌ലാൻഡിലൂടെയുള്ള യാത്രയാണെന്നും ഫായിസ് പറയുന്നു.
ALSO READ: കാരവാൻ ടൂറിസം; കേരള ടൂറിസത്തിന് ഒരുങ്ങുന്നത് വൻ സാധ്യതകൾ
ഒരുപാട് പുസ്‌തകങ്ങൾ വായിക്കുന്ന അനുഭവമാണ് ഒരു യാത്രയിൽ നിന്ന് കിട്ടുന്നത്. നമ്മുടെ സ്വഭാവ രൂപീകരണത്തിലും യാത്രകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. എന്നാലിവിടെ ഫായിസിൻ്റെ കേരള ലണ്ടൻ യാത്രയ്ക്ക് വിലങ്ങുതടിയായി നിൽക്കുന്നത് സാമ്പത്തികമാണ്. ഇടിവി ഭാരത് മുന്നോട്ടുവയ്ക്കുന്നതും അത് തന്നെയാണ് ഫായിസിന് ഒരു സ്പോൺസറെ വേണം.