തിരുവനന്തപുരം: ലത്തീൻ അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പായി ഡോ. തോമസ് നെറ്റോ ചുമതലയേറ്റു. ഡോ. എം സൂസെപാക്യം വിരമിക്കുന്ന ഒഴിവിലാണ് ഡോ. തോമസ് നെറ്റോ ചുമതലയേറ്റത്.
ജനനം പുതിയതുറയിൽ
1964 ഡിസംബർ 29ന് ജേസയ്യ നെറ്റോയുടെയും ഇസബെല്ല നെറ്റോയുടെയും മകനായി പുതിയതുറയിൽ ജനം. സെന്‍റ് നിക്കോളാസ് എൽപി സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ലൂർദ്‌പുരം സെന്‍റ്. ഹെലൻസ് സ്‌കൂളിലും കാഞ്ഞിരംകുളം പി.കെ. എസ്. എച്ച്. എസ്. സ്‌കൂളിലുമായി വിദ്യാഭ്യാസം. സെന്‍റ് സേവ്യേഴ്‌സ് കോളജിൽ പ്രീഡിഗ്രി. വൈദികനാകാനായി സെന്‍റ്. വിൻസെന്‍റ് സെമിനാരിയിൽ ചേരുകയും ബിരുദപഠനം പൂർത്തിയാക്കുകയും ചെയ്‌തു.
കത്തീഡ്രൽ ദേവാലയത്തിൽ വച്ച് വൈദികപട്ടം
മൈനർ സെമിനാരിയിലെ പഠനത്തിനുശേഷം ആലുവയിലെ സെന്‍റ് ജോസഫ്‌സ് പൊന്തിഫിക്കൽ സെമിനാരിയിൽ നിന്നും 1983-86 കാലഘട്ടത്തിൽ തത്വശാസ്‌ത്രവും 1986-89 കാലഘട്ടത്തിൽ ദൈവശാസ്‌ത്ര പഠനവും പൂർത്തിയാക്കി. 1989 ഡിസംബർ 19ന് പാളയം കത്തീഡ്രൽ ദേവാലയത്തിൽ വച്ച് വൈദികപട്ടം സ്വീകരിച്ചു. തുടർന്നുള്ള അഞ്ച് വർഷക്കാലം പെരിങ്ങമല, പാളയം ഇടവകകളിൽ സഹ വികാരിയായും പാളയം കാത്തലിക് ഹോസ്റ്റലിലെ അസി.വാർഡനായും സഭൈക്യ-സംവാദ കമ്മിഷന്‍റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. അക്കാലത്ത് തന്നെ സാമൂഹിക ശാസ്‌ത്രത്തിൽ ലൊയോള കോളജിൽ നിന്നും ബിരുദാനന്തരബിരുദവും നേടി.
റോമിലെ ഉർബനിയാന യൂണിവേഴ്‌സിറ്റിയിൽ ഗവേഷണ പഠനം
തുടർന്ന് ഉപരി പഠനത്തിനായി 1995ൽ റോമിലേക്ക് പോവുകയും റോമിലെ ഉർബനിയാന യൂണിവേഴ്‌സിറ്റിയിൽ ഗവേഷണ പഠനം പൂർത്തിയാക്കി 1999ൽ തിരിച്ചെത്തുകയും ചെയ്‌തു. തുടർന്ന് പേട്ട ഇടവക വികാരിയായി. 2000- 2004 കാലഘട്ടങ്ങളിൽ ബി.സി.സി.യുടെ ജനറൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം 2003 മുതൽ 2010 വരെ മേനംകുളം സെന്‍റ്. വിൻസെന്‍റ് സെമിനാരി റെക്‌ടറുമായിരുന്നു. 2007ൽ രൂപത കൺസൽട്ടറായും 2008-2010 വർഷങ്ങളിൽ ബോർഡ് ഓഫ് ക്ലർജി ആൻഡ് റിലീജിയൻ ഡയറക്‌ടറായും സേവനം അനുഷ്ഠിച്ചു.
നിലവിൽ അതിരൂപത ശുശ്രൂഷകളുടെ കോർഡിനേറ്റർ
2009ൽ വലിയതുറ സെന്‍റ്. ആന്‍റണിസ് ഫെറോന പള്ളിയുടെ താൽക്കാലിക മേൽനോട്ടം വഹിക്കുന്ന പുരോഹിതനായും 2010ൽ അതിരൂപത കോഡിനേറ്റർ അംഗമായും 2010- 2014 കാലഘട്ടങ്ങളിൽ തോപ്പ് സെന്‍റ്. ആൻസ് ഇടവക വികാരിയുമായിരുന്നു. 2014ൽ അതിരൂപത ശുശ്രൂഷകളുടെ എപ്പിസ്കോപൽ വികാരിയായും മുരുക്കുംപുഴ സെന്‍റ്. അഗസ്റ്റിൻ ദേവാലയത്തിലെ ഇടവക വികാരിയുമായിരുന്നു. നിലവിൽ അതിരൂപത ശുശ്രൂഷകളുടെ കോർഡിനേറ്ററായി സേവനമനുഷ്ഠിച്ചു വരികയാണ്.
READ MORE: ലത്തീൻ അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പായി ഡോ. തോമസ് നെറ്റോ ചുമതലയേറ്റു