തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്‌ച സംഭവിച്ചുവെന്ന പരാതി പരിശോധിച്ച രണ്ടംഗ കമ്മിഷന്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എളമരം കരീമും, കെ.ജെ തോമസുമാണ് അമ്പലപ്പുഴയിലെ വീഴ്‌ച പരിശോധിച്ചത്.
പരാതിയും അന്വേഷണ കമ്മിഷനും
സംസ്ഥാന സമിതി അംഗവും മുന്‍ മന്ത്രിയുമായ ജി സുധാകരനെതിരെയാണ് പരാതി ഉയര്‍ന്നത്. തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമമുണ്ടായി, പ്രചചരണത്തില്‍ സജീവമായില്ല, തെരഞ്ഞെടുപ്പ് ഫണ്ട് നല്‍കിയില്ല തുടങ്ങിയ ഗുരതരമായ പരാതികളാണ് സുധാകരനെതിരെ ഉയര്‍ന്നിരിക്കുന്നത്. ആലപ്പുഴ ജില്ല കമ്മറ്റിയിലെത്തി രണ്ടംഗ കമ്മിഷന്‍ സുധാകരനടക്കമുള്ള നേതാക്കളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
അന്തിമ തീരുമാനം ഉടന്‍
തെളിവെടുപ്പില്‍ ജില്ലയിലെ ഭൂരിപക്ഷം നേതാക്കളും സുധാകരനെതിരെ മൊഴി നല്‍കിയതും ഗൗരവതരമാണ്. കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ സുധാകരനെതിരെ ഗുരതരമായ പരാമര്‍ശം ഉണ്ടെന്നാണ് സൂചന. കമ്മിഷന്‍റെ അന്തിമ നിഗമനവും സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനവും നിര്‍ണായകമാണ്. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ചേരുന്ന സംസ്ഥാന സമിതിയും പരിശോധിക്കും. തുടര്‍ന്നാകും സിപിഎം അന്തിമ തീരുമാനമെടുക്കുക.
കേന്ദ്ര നേതൃത്വം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചതോടെ സംസ്ഥാന സമ്മേളനം മുതല്‍ ബ്രാഞ്ച് സമ്മേളനം വരെയുള്ള നടത്തിപ്പ് സംബന്ധിച്ചും നേതൃയോഗം ചര്‍ച്ച ചെയ്യും. ബ്രാഞ്ച് സമ്മേളനങ്ങള്‍ അടുത്ത മാസം തുടങ്ങി സംസ്ഥാന സമ്മേളനം ജനുവരിയില്‍ നടത്താനാണ് സിപിഎം ആലോചന.
Also read: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ വീഴ്ച പരിശോധിക്കാന്‍ സിപിഎം