തിരുവനന്തപുരം: ബി.ടെക് പരീക്ഷയിൽ തോറ്റ വിദ്യാർഥിയെ മന്ത്രി കെ ടി ജലീൽ ഇടപെട്ട് ജയിപ്പിച്ചെന്ന് പരാതി. കൊല്ലം ടികെഎം എഞ്ചിനീയറിങ് കോളേജിലെ എസ്. ശ്രീഹരി എന്ന വിദ്യാർത്ഥിയ്ക്ക് മന്ത്രി ഇടപെട്ട് വഴിവിട്ട സഹായം നൽകിയെന്ന് ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകി. സർവകലാശാല ചട്ടം അനുശാസിക്കാത്തതിനാൽ പരീക്ഷ കൺട്രോളർ നിരസിച്ച ഉത്തരക്കടലാസാണ് മന്ത്രി ഇടപെട്ട് അദാലത്തിൽ തീർപ്പാക്കിയത്.
ആറാം സെമസ്റ്റർ ഡൈനാമിക് പേപ്പറിന് ശ്രീഹരിക്ക് ലഭിച്ചത് 29 മാർക്കാണ് . പരീക്ഷ വിജയിക്കാൻ വേണ്ടത് 45 മാർക്കും. പുനര്‍മൂല്യനിർണയത്തിന് അപേക്ഷിച്ചെങ്കിലും മാര്‍ക്കില്‍ മാറ്റം വന്നില്ല. തുടര്‍ന്ന് മൂല്യനിർണയത്തിലെ പിഴവ് കൊണ്ടാണ് തോറ്റതെന്നും ഉത്തരക്കടലാസ് പുനപരിശോധിക്കണമെന്നും അഭ്യർഥിച്ച് ശ്രീഹരി പരീക്ഷ കൺട്രോളർക്ക് അപേക്ഷ നൽകി. എന്നാൽ പുനപരിശോധന നടത്താൻ സർവ്വകലാശാല ചട്ടം അനുശാസിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കൺട്രോളർ അപേക്ഷ നിരസിച്ചു.
ഫെബ്രുവരി 27ന് സാങ്കേതിക സർവകലാശാലയിൽ നടന്ന അദാലത്തിൽ മന്ത്രി കെ ടി ജലീൽ ഈ വിഷയത്തിൽ ഇടപെട്ടു. രണ്ട് അധ്യാപകർ അടങ്ങുന്ന കമ്മിറ്റിയെ മൂല്യനിർണ്ണയം നടത്താൻ മന്ത്രി ചുമതലപ്പെടുത്തി. മൂല്യനിർണയത്തിൽ 29 മാർക്ക് 48 മാർക്കായി നൽകി. മന്ത്രിയുടെ ഈ ഇടപെടലിനെതിരെയാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണറെ സമീപിച്ചിരിക്കുന്നത്.
സർവകലാശാലയുടെ പ്രോ ചാൻസലർ ആയ വിദ്യാഭ്യാസ മന്ത്രിക്ക് ചാൻസലറുടെ അഭാവത്തിൽ മാത്രമേ സർവ്വകലാശാല കാര്യങ്ങളിൽ ഇടപെടാൻ കഴിയൂ എന്നാണ് സേവ് എഡ്യൂക്കേഷൻ കമ്മിറ്റിയുടെ വാദം. അദാലത്തിൽ മന്ത്രി എടുത്ത മറ്റ് തീരുമാനങ്ങളും റദ്ദാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. അതേ സമയം ആരോപണം നിഷേധിച്ച് മന്ത്രി കെ.ടി ജലീൽ രംഗത്തെത്തി. മികച്ച മാർക്ക് വാങ്ങിയ വിദ്യാർത്ഥിയെയാണ് അദാലത്തിൽ ജയിപ്പിച്ചതെന്നും പുനർ മൂല്യ നിർണയം നടത്തിയത് വിദഗ്ദരായ അധ്യാപകരാണെന്നും മന്ത്രി വ്യക്തമാക്കി.