പാലക്കാട് : നിയമസഭയില്‍ പ്രധാനമന്ത്രിക്കെതിരെ എ.എന്‍ ഷംസീര്‍ എംഎല്‍എ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശം രേഖകളില്‍ നിന്ന് അടിയന്തരമായി നീക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇത് തടയാനുള്ള നീക്കം സ്‌പീക്കറുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നത് ഖേദകരമാണ്. മറ്റൊരു നിയമസഭയിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ല.
ഭരണകക്ഷി എംഎല്‍എയുടെ ഭാഗത്തുനിന്നും പ്രധാനമന്ത്രിക്കെതിരെ ആക്ഷേപകരമായ പദപ്രയോഗം ഉണ്ടായപ്പോള്‍ അതിനെതിരെ പ്രതികരിക്കേണ്ട മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നു. ഫെഡറല്‍ സംവിധാനങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. രാജ്യത്തിന്‍റെ ചരിത്രത്തില്‍ ഏറ്റവും മോശം വാക്പ്രയോഗമാണ് ഷംസീറിന്‍റെ ഭാഗത്തുനിന്നും ഉണ്ടായത്.
കേവലം 3 എംപിമാരുള്ള പാര്‍ട്ടി 400ല്‍ അധികം എംപിമാരുള്ള പാര്‍ട്ടിയുടെ നേതാവിനെ അധിക്ഷേപിക്കുന്നത് തടയാന്‍ മുഖ്യമന്ത്രി തയ്യാറാവേണ്ടതായിരുന്നു. നിയമസഭയില്‍ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചപ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ലെന്നത് ഇവരുടെ പരസ്‌പര ബന്ധത്തെ സൂചിപ്പിക്കുന്നു. ഇത്തരത്തിലുള്ള പ്രകോപനകരമായ നിലപാടുകളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെങ്കില്‍ അതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം ആരംഭിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
കോണ്‍ഗ്രസ് സൃഷ്‌ടിച്ച മോണ്‍സ്റ്ററാണ് നരേന്ദ്ര മോദിയെന്നായിരുന്നു നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചക്കിടെ എ.എന്‍ ഷംസീറിന്‍റെ പരാമര്‍ശം. കോണ്‍ഗ്രസ് വളര്‍ത്തിയ മോണ്‍സ്റ്റര്‍ കോണ്‍ഗ്രസിനേയും രാജ്യത്തേയും വിഴുങ്ങി, ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്നും എ.എന്‍ ഷംസീർ പ്രസ്‌താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എ.എന്‍ ഷംസീറിനെതിരെ കെ സുരേന്ദ്രന്‍ രംഗത്തെത്തിയത്.
കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം : കേന്ദ്രമന്ത്രിമാരെയും ദേശീയപാത അതോറിറ്റിയെയും വിമര്‍ശിച്ചുകൊണ്ടുള്ള പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസിന്‍റെ പരിഹാസം ആ സ്ഥാനത്തിന് യോജിച്ചതല്ല. സംസ്ഥാനത്തെ 17 ദേശീയപാതകളുടെ അറ്റകുറ്റപ്പണി സംസ്ഥാനത്തിനാണെന്ന കാര്യം മന്ത്രി വിസ്‌മരിക്കരുതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. ഇതിനുള്ള ഫണ്ടും കേന്ദ്രം പൊതുമരാമത്ത് വകുപ്പിന് നല്‍കിയിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ദേശീയപാതകളുടെ അറ്റകുറ്റപ്പണിക്കായി കോടിക്കണക്കിന് രൂപ കൈപ്പറ്റിയ ശേഷം കേന്ദ്രമന്ത്രിമാരെ പരിഹസിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും ഇതുസംബന്ധിച്ച രേഖകള്‍ പുറത്തുവിട്ട ശേഷം സുരേന്ദ്രന്‍ ചോദിച്ചു. രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള പ്രസ്‌താവനയാണ് മന്ത്രി നിയമസഭയില്‍ നടത്തിയത്. സാധാരണക്കാര്‍ക്കാവശ്യമായ പദ്ധതികള്‍ കേന്ദ്രം നടപ്പിലാക്കുമ്പോള്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്.
സംസ്ഥാനത്തിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കേന്ദ്രത്തിന്‍റെ കൈയയച്ച സഹായം കൊണ്ടാണെന്ന കാര്യം സര്‍ക്കാര്‍ മറക്കരുത്. യുപിഎയുടെ കാലത്തേക്കാള്‍ എല്ലാതരത്തിലുമുള്ള സഹായം മോദി സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടും ഒന്നും നല്‍കുന്നില്ലെന്ന പരാതി വെറും രാഷ്ട്രീയ തട്ടിപ്പാണ്. കഴിഞ്ഞ എട്ടുവര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.