മലപ്പുറം: രാജ്യത്തെ മികച്ച ആരോഗ്യസ്ഥാപനങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനവുമായി ചോക്കാട് കുടുംബാരോഗ്യകേന്ദ്രം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) പരിശോധനയില്‍ ചോക്കാട് കുടുംബാരോഗ്യകേന്ദ്രം 98% മാര്‍ക്ക് ജില്ലയില്‍ ഒന്നാം സ്ഥാനവും സ്വന്തമാക്കി. ഇതോടെ രാജ്യത്തെ ആരോഗ്യരംഗത്ത് അഭിമാനകരമായ നേട്ടത്തിന് ഉടമയായി ചോക്കാട് കുടുംബാരോഗ്യകേന്ദ്രം മാറി.
ഒ.പി. വിഭാഗം, ലബോറട്ടറി, ഫാര്‍മസി, പൊതുജനാരോഗ്യവിഭാഗം എന്നിവയുടെ പ്രവര്‍ത്തനം, ദേശീയ ആരോഗ്യ പദ്ധതികളുടെ നടത്തിപ്പ്, പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനം, മാതൃ-ശിശു ആരോഗ്യം, ജീവിതശൈലി രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെപ്പ്, ജീവനക്കാരുടെ സേവനം, രോഗികളുടെയും ജീവനക്കാരുടെയും അഭിപ്രായങ്ങള്‍ അനുസരിച്ചുള്ള മികച്ച സേവനം, ഓഫീസ് നിര്‍വഹണം എന്നിവയിലെ മികച്ച പ്രകടനമാണ് അംഗീകാരത്തിന് കാരണമായത്. 2019 ഫ്രെബ്രുവരി 28,29 തീയതികളില്‍ കേന്ദ്ര ആരോഗ്യവകുപ്പിന്‍റെ രണ്ടംഗ സംഘം പരിശോധനക്കെത്തിയത്.
ചോക്കാട് കുടുംബാരോഗ്യകേന്ദ്രം ട്രൈബല്‍ ഡിസ്‌പെന്‍സറിയായാണ് തുടങ്ങിയത്. പിന്നീട് പി.എച്ച്.സിയായി ഉയര്‍ത്തുകയും സര്‍ക്കാരിന്‍റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യകേന്ദ്രമാക്കി മാറ്റുകയും ചെയ്തു. എന്‍.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്ന ജില്ലയിലെ ആറാമത്തെ ആരോഗ്യകേന്ദ്രമാണിത്.