മലപ്പുറം: ദേശീയപാത വികസനത്തിന് ഖബറിടം വിട്ടുനല്‍കി മാതൃകയായി മഹല്ല് കമ്മറ്റി. മലപ്പുറം ആതവനാട് വെട്ടിച്ചിറ ജുമാ മസ്‌ജിദ് മഹല്ല് കമ്മറ്റിയാണ് 50 സെന്‍റ് ഭൂമി റോഡ് വികസനത്തിനായി വിട്ടുകൊടുത്തത്. വിട്ടുകൊടുത്ത ഭൂമിക്ക് 2.46 കോടി രൂപയാണ് നഷ്‌ടപരിഹാരത്തുക. വഖഫ് ബോർഡിന്‍റെ അക്കൗണ്ടിലേക്കാണ് തുക എത്തുക.
ദേശീയപാതയോരത്ത് വളാഞ്ചേരിക്കും പുത്തനത്താണിക്കുമിടയില്‍ വെട്ടിച്ചിറയിലെ ആദ്യകാല തറവാടായ അരീക്കാടന്‍ കുടുബം നല്‍കിയ വഖഫ് ഭൂമിയിലാണ് വെട്ടിച്ചിറ പള്ളി നില്‍ക്കുന്നത്. പള്ളിക്ക് ദേശീയപാതയുടെ രണ്ടു വശങ്ങളിലും ഖബറിടങ്ങളുണ്ട്. അതില്‍ 750 ഖബറിടങ്ങളാണ് ഭൂമി വിട്ടുനല്‍കുമ്പോള്‍ മാറ്റി സ്ഥാപിക്കേണ്ടിവരിക.
ഇതില്‍ ഇരുനൂറോളം പേരുടെ ഖബര്‍ ഒരുമാസത്തിനിടെ ബന്ധുക്കളുടെ സ്വന്തം ചെലവില്‍ അവരുടെ ബന്ധുക്കളെ അടക്കം ചെയ്‌തതിനരികിലേക്ക് മാറ്റി സ്ഥാപിച്ചു. പഴക്കമുള്ളതും ബന്ധുക്കള്‍ ആരെന്നറിയാത്തതുമായ ഖബറിടങ്ങള്‍ പൊതുഖബറിടം നിര്‍മിച്ച് അടക്കം ചെയ്യാനാണ് തീരുമാനം.
അരീക്കാടന്‍ ബാവ ഹാജി പ്രസിഡന്‍റും കെകെഎസ് തങ്ങള്‍ സെക്രട്ടറിയുമായ കമ്മറ്റി എതിര്‍പ്പൊന്നുമില്ലാതെ ഹൈവേ വികസനത്തിന് ഒപ്പം നില്‍ക്കുകയായിരുന്നു. മഹല്ലിലെ 1,100 കുടുംബങ്ങളുടെ യോഗം വിളിച്ച് ട്രഷറര്‍ അബ്‌ദുള്‍ ജലീല്‍ സഖാഫി കാര്യങ്ങള്‍ വിശദീകരിച്ചു. കമ്മറ്റിയുടെ തീരുമാനത്തെ പിന്തുണച്ചതോടെയാണ് ഖബറിടങ്ങള്‍ മാറ്റിസ്ഥാപിക്കുന്നതിന് തുടക്കമായത്.
Also read: താൻ പറയുന്നതല്ല വാർത്തയാക്കുന്നത്; ചോദ്യങ്ങൾ എഴുതി നൽകിയാൽ മറുപടി എഴുതി നൽകും: മാധ്യമങ്ങളോട് ഗവർണർ