മലപ്പുറം: ബിവറേജസ് കോർപറേഷന്‍റെ പെരിന്തൽമണ്ണ ചില്ലറ മദ്യ വിൽപന ശാലയിലെ ഒരു ജീവനക്കാരന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഔട്ട്ലെറ്റിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 13 ആയി. കഴിഞ്ഞ 30ന് കുന്നപ്പള്ളി സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം കൊവിഡ് പോസിറ്റീവായത്. ഇതിന് പിന്നാലെ ക്വാറന്‍റൈനിലായിരുന്ന 20ൽ 11 ജീവനക്കാർക്കാണ് ഞായറാഴ്‌ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവിടെ നിന്ന് ജൂലൈ 23 മുതൽ 30 വരെ മദ്യം വാങ്ങാൻ എത്തിയവരോട് സ്വയം നിരീക്ഷണത്തിൽ കഴിയാന്‍ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ഇനി ഏഴ് ജീവനക്കാരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. ഇതോടെ പെരിന്തൽമണ്ണയിലെ ഔട്ട്‌ലെറ്റും ഗോഡൗണും കോർപറേഷന്‍റെ അങ്ങാടിപ്പുറത്ത ഓഫിസും താൽക്കാലികമായി അടച്ചു.
ആരോഗ്യ വിഭാഗത്തിന്‍റെ നിർദേശവും കോർപറേഷൻ മേധാവിയിൽ നിന്ന് ഇത് സംബന്ധിച്ച ഉത്തരവും വരുന്നതു വരെ അടച്ചിടുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ക്വാറന്‍റൈനിൽ പോയവരിൽ ഒരാൾക്ക് അങ്ങാടിപ്പുറത്തെ ബെവ്കോ ഡിപ്പോയിലും ഓഫിസിലും സമ്പർക്കം ഉണ്ടായിട്ടുണ്ട്. ഡിപ്പോയിലും ഓഫിസിലുമായി ഇയാളുമായി പ്രാഥമിക സമ്പർക്കമുണ്ടായ 20 പേരിൽ 10 പേർക്ക് ഇന്നലെ പരിശോധന നട ത്തി. 30ന് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു ശേഷം രണ്ട് ദിവസം വിൽപനശാല അടച്ചിട്ടിരുന്നു. അണു മുക്തമാക്കിയ ശേഷം മറ്റ് ഔട്ട്‌ലെറ്റുകളിൽ നിന്ന് ജീവനക്കാരെ നിയോഗിച്ചായിരുന്നു പ്രവർത്തനം.