കോഴിക്കോട്: കോഴിക്കോട് മേയർ ബീന ഫിലിപ്പ് ബാലഗോകുലം പരിപാടിയിൽ പങ്കെടുക്കുന്നതിന് മുൻപ് പാർട്ടിയോട് ആലോചിക്കണമായിരുന്നുവെന്ന് മുൻ മേയറും നിലവില്‍ എംഎല്‍എയുമായ തോട്ടത്തിൽ രവീന്ദ്രൻ. ക്വിറ്റ് ഇന്ത്യ വാർഷികാചരണ പരിപാടി ഉദ്‌ഘാടനം ചെയ്‌ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ഉദ്ഘാടകയായി നിശ്ചയിച്ചിരുന്ന മേയർ ബീന ഫിലിപ്പ് പരിപാടിയിൽ നിന്ന് വിട്ടുനിന്നു.
വിവാദങ്ങൾ ഒഴിവാക്കാൻ മേയർ ശ്രദ്ധിക്കണമായിരുന്നുവെന്നും പരിചയക്കുറവ് ആകാം പരിപാടിയിൽ പങ്കെടുക്കാൻ കാരണമെന്നും തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. അതേസമയം ക്വിറ്റ് ഇന്ത്യ വാർഷിക പരിപാടിയിൽ നിന്ന് മേയർ വിട്ടു നിന്നതല്ലെന്നും ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കേണ്ടതു കൊണ്ടാണ് എത്താതിരുന്നതെന്നും എംഎൽഎ പറഞ്ഞു. ഈ വിവരം സംഘാടകരെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
ALSO READ: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് പാര്‍ട്ടി വിരുദ്ധം; കോഴിക്കോട് മേയറെ തള്ളിപ്പറഞ്ഞ് സിപിഎം
ബാലഗോകുലത്തിന്‍റെ സ്വത്വ 2022 മാതൃ സമ്മേളനത്തില്‍ പങ്കെടുത്ത ബീന ഫിലിപ്പിനെ സിപിഎം നേരത്തെ തള്ളിപ്പറഞ്ഞിരുന്നു. പാർട്ടിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് മേയറുടെ നടപടിയെന്നും, പാർട്ടിയോട് ആലോചിച്ചിട്ടല്ല പരിപാടിയിൽ പങ്കെടുത്തതെന്നുമായിരുന്നു സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനൻ പ്രതികരിച്ചത്.