കോഴിക്കോട്: കോഴിക്കോട് നാദാപുരം വാണിമേല്‍ പുഴയില്‍ റഗുലേറ്റർ കം ഓവർ ബ്രിഡ്ജ് സ്ഥാപിക്കാനുള്ള സാധ്യതാ പഠനം ആരംഭിച്ചു. വിഷ്‌ണുമംഗലത്താണ് റഗുലേറ്റർ കം ഓവർ ബ്രിഡ്‌ജിന്‍റെ സാധ്യത പരിശോധിക്കുന്നത്. വടകര ഉള്‍പ്പെടെ ഏഴോളം പഞ്ചായത്തുകളിലേക്ക് ശുദ്ധജലം വിതരണം ചെയ്യുന്നത് വിഷ്ണുമംലത്തെ ബണ്ടില്‍ നിന്നാണ്. അശാസ്ത്രീയമായ നിര്‍മാണപ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് മേഖലയില്‍ വെള്ളപ്പൊക്കം പതിവായതോടെ പ്രദേശവാസികള്‍ കര്‍മസമിതി രൂപീകരിച്ച് പ്രക്ഷോഭം ആരംഭിച്ച സാഹചര്യത്തിലാണ് ജലസേചനവകുപ്പിന്‍റെ പുതിയ നീക്കം.
നിലവിലുള്ള ബണ്ടില്‍ നിന്ന് ഒരു കിലോമീറ്ററോളം താഴേക്ക് മാറി ഈയ്യങ്കോട് കേളോത്ത് താഴെ പുഴയോരത്താണ് ആര്‍.സി.ബിക്കായി ഉദ്യോഗസ്ഥതല സംഘം പരിശോധന നടത്തിയത്. 36 കോടി രൂപ പദ്ധതിക്ക് ചെലവ് വരുമെന്നാണ് പ്രാഥമിക കണക്ക്. വെള്ളപ്പൊക്കം ഒഴിവാക്കാനായി നിലവിലുള്ള ബണ്ടിന് മധ്യത്തിൽ ഷട്ടറുകള്‍ മാറ്റി സ്ഥാപിക്കാന്‍ തീരുമാനമെടുത്തെങ്കിലും പ്രായോഗികമല്ലെന്ന് ജലസേചന വകുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. ആര്‍.സി.ബി സ്ഥാപിക്കുന്നതിന് വര്‍ഷങ്ങള്‍ എടുക്കുമെന്നതിനാല്‍ നിലവില്‍ ചെളി നീക്കം ചെയ്യുന്നതിനായി അനുവദിച്ച തുക ഉപയോഗിച്ച് പ്രവൃത്തി നടത്തണമെന്നാണ് നാദാപുരം, ചെക്യാട് പഞ്ചായത്തുകളിലെ പ്രസിഡന്‍റുമാരും, ജനപ്രതിനിധികളും ആവശ്യപ്പെടുന്നത്. ഇക്കാര്യം പരിഗണിക്കുമെന്ന് ഇ.കെ.വിജയന്‍ എം.എല്‍.എ പറഞ്ഞു. സംഘം സന്ദർശനം നടത്തിയ കേളോത്ത് താഴെ ആർ.സി.ബി സ്ഥാപിച്ചാൽ പ്രദേശത്തെ ആയിരക്കണക്കിന് നാട്ടുകാരുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം ഉണ്ടാകുമെന്നും മഴക്കാലത്ത് ഷട്ടർ പൂർണമായി ഉയർത്തുന്നതോടെ ചെളി നിറഞ്ഞ് വെള്ളപ്പൊക്കമുണ്ടാകുന്നതിന് പരിഹാരമാകുമെന്നും എംഎൽഎയും ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറും അഭിപ്രായപ്പെട്ടു.