കോഴിക്കോട്: ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ച കൊവിഡ് കാല പ്രത്യേക ട്രെയിന്‍ കോഴിക്കോടെത്തി. വിവിധ ജില്ലക്കാരായ 252 പേരാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയത്. ആരോഗ്യ സംഘത്തിന്‍റെ പരിശോധനയില്‍ രോഗ ലക്ഷണമുള്ള ആറുപേരെ ആശുപത്രിയിലേക്ക് മാറ്റി.
ചൊവ്വാഴ്‌ച പകല്‍ 12.20ന് നിസാമുദീനില്‍ നിന്ന് പുറപ്പെട്ട 02432 നമ്പര്‍ നിസാമുദീന്‍ തിരുവനന്തപുരം രാജധാനി എക്‌സ്‌പ്രസ് ഇന്നലെ രാത്രി 10 നാണ് കോഴിക്കോട്ടെത്തിയത്. കേരളത്തില്‍ പ്രവേശിക്കുന്ന ട്രെയിനിന്‍റെ ആദ്യ സ്റ്റോപ്പായ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ യാത്രക്കാരെ സ്വീകരിക്കാന്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളൊരുക്കിയിരുന്നു.
ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ യാത്രക്കാര്‍ക്ക് പുറത്തേക്കിറങ്ങാന്‍ രണ്ടു വഴികളാണ് സജ്ജീകരിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പത്ത് കൗണ്ടറുകളാണ് സ്റ്റേഷനില്‍ ഒരുക്കിയിരുന്നത്. ഹൗസ് സര്‍ജന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, വോളന്‍റിയര്‍ എന്നിങ്ങനെ മൂന്ന് പേരടങ്ങുന്ന സംഘമാണ് യാത്രക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്. സുരക്ഷയുടെ ഭാഗമായി പി.പി.ഇ കിറ്റ് ധരിച്ചായിരുന്നു പരിശോധന. കൊവിഡ് ലക്ഷണമില്ലാത്തവരെ വീടുകളിലേക്കയച്ചു.
യാത്രക്കാരുടെ ബാഗുകള്‍ അണുവിമുക്തമാക്കാന്‍ മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സിനെയാണ് നിയോഗിച്ചത്. യാത്രക്കാരെ അവരുടെ ജില്ലാ കേന്ദ്രങ്ങളിലെത്തിക്കാന്‍ 15 കെ.എസ്.ആര്‍.ടി.സി ബസുകളും സജ്ജമാക്കിയിരുന്നു.