കോഴിക്കോട്: അഗ്നിപഥ് പദ്ധതിക്കെതിരെ കോഴിക്കോട്ടും വൻ പ്രതിഷേധം. തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ നിന്ന് എത്തിയ അഞ്ഞൂറിലേറെ ഉദ്യോഗാർഥികളാണ് കോഴിക്കോട് റെയിൽവെ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. അഗ്നിപഥ് പദ്ധതി എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നും ആർമി കംബൈൻഡ് എൻട്രൻസ് പരീക്ഷ എത്രയും വേഗം നടത്തണമെന്നുമാണ് ഉദ്യോഗാർഥികളുടെ ആവശ്യം.
കഴിഞ്ഞ രണ്ട് വർഷമായി കൊവിഡ് സാഹചര്യം മൂലം ആർമി റിക്രൂട്ട്‌മെന്‍റുകൾ മരവിപ്പിച്ചിരുന്നു. സൈനിക റിക്രൂട്ട്‌മെന്‍റ് റാലികൾ പലതും നടന്നിരുന്നെങ്കിലും നിയമനം നടന്നിരുന്നില്ല. ഈ റാലികളില്‍ പങ്കെടുത്തവരും ഫിസിക്കല്‍, മെഡിക്കല്‍ പരീക്ഷകള്‍ ഉള്‍പ്പെടെ പാസായി ഒന്നര വര്‍ഷത്തോളമായി ജോലിക്ക് കാത്തിരിക്കുന്നവരാണ് പ്രതിഷേധിക്കുന്നവരില്‍ പലരും.
സംസ്ഥാനത്ത് 2021 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായാണ് സൈനിക റിക്രൂട്ട്‌മെന്‍റ് റാലികൾ നടന്നത്. മെഡിക്കൽ, ഫിസിക്കൽ പരിശോധനകൾക്ക് ശേഷം സൈനിക സേവനത്തിന് യോഗ്യരെന്ന് കണ്ടെത്തിയ അയ്യായിരത്തോളം പേരാണ് കേരളത്തിലുള്ളത്. എഴുത്ത് പരീക്ഷ മാത്രം ബാക്കി നില്‍ക്കെയാണ് ഈ റിക്രൂട്ട്‌മെന്‍റുകളെല്ലാം റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്.
Also read: അഗ്നിപഥ് പ്രതിഷേധം കേരളത്തിലും: തലസ്ഥാനത്ത് 300 പേര്‍ തെരുവില്‍, കോഴിക്കോട്ടും മാര്‍ച്ച്