കോഴിക്കോട്: സംസ്ഥാനത്ത് കോഴിവിലയിൽ വൻ വർധനവ്. വിവാഹ സീസൺ അടുത്തതും റമദാൻ കാലമായതിനെയും തുടർന്നാണ് വിപണിയിലെ ഈ വിലക്കയറ്റം. തമിഴ്നാട്ടിൽ കോഴിത്തീറ്റക്ക് കുത്തനെ വില കൂട്ടിയിട്ടുണ്ട്. സംസ്ഥാനം കോഴിത്തീറ്റക്ക് പ്രധാനമായും ആശ്രയിക്കുന്നത് തമിഴ്നാട് ആണെന്നിരിക്കെ കേരളത്തിലെ കർഷകരുടെ ചെലവും വർധിച്ചു. തുടർന്ന് ഉത്പാദനവും കുറഞ്ഞു.
കോഴിത്തീറ്റയുടെ വിലയിൽ ആയിരം രൂപയുടെ വർധനവുണ്ടായെന്നാണ് കർഷകർ പറയുന്നത്. കോഴിത്തീറ്റക്ക് ചാക്കിന് 1300 എന്ന നിരക്ക് 2400 ആയി ഉയർന്നു. ഉത്പാദനം ഇവിടെ കുറഞ്ഞതോടെ തമിഴ്നാട്ടിലും വില കൂട്ടി. തമിഴ്നാടിന്റെ മാർക്കറ്റ് വിലക്കനുസരിച്ചാണ് കേരളത്തിൽ വളർത്തുന്ന കോഴിക്ക് വില നിശ്ചയിക്കുന്നത്. തമിഴ്നാട്ടിലും സീസൺ മുന്നിൽ കണ്ട് ഉത്പാദനം കുറച്ച് ഡിമാൻഡ് വർധിപ്പിച്ചു.
ബ്രോയിലർ കോഴിക്കും ലഗോണിനും വിലകൂടുന്നു
ഒരാഴ്ച മുമ്പ് 170 രൂപയായിരുന്നു ബ്രോയിലർ ചിക്കന്‍ വിലയെങ്കിൽ ഞായറാഴ്ച ഇത് 220 രൂപയായി. വരും ദിവസങ്ങളിലും വിലയിൽ വൻ വർധനവ് ഉണ്ടാകുമെന്നാണ് സൂചന. ബ്രോയിലർ കോഴിക്ക് വില കൂടുന്നതോടെ ലഗോൺ കോഴിക്കും വില കൂടാനാണ് സാധ്യത. നിലവിൽ ലഗോണിന് 170 രൂപയാണ് വില.
2021 സെപ്റ്റംബറിൽ 120 രൂപയായിരുന്നു കേരളത്തിൽ ഒരു കിലോ കോഴിയിറച്ചിയുടെ വില. ലോക്ക്ഡൗൺ കാലത്ത് സർക്കാർ വിപണിയിൽ ഇടപെട്ട് വില നിയന്ത്രിച്ചു നിർത്തി. ഒക്ടോബർ മുതൽ വില കുത്തനെ കൂടി. ലോക്ക്ഡൗൺ കാലത്തെ നഷ്ടം നികത്താനായിരുന്നു ഉത്പാദകരുടെ നീക്കങ്ങൾ. കഴിഞ്ഞ മാസം വില 180 ആയിരുന്നു. ഇപ്പോൾ 220 ആയി.
കേരള ചിക്കൻ പദ്ധതി പരാജയപ്പെടുന്നു
ഞായറാഴ്ച മാത്രം കിലോക്ക് മൊത്ത വില മൂന്ന് രൂപ വർധിച്ചെന്ന് ചില്ലറ വ്യാപാരികൾ പറയുന്നു. ഇത് ഇറച്ചിയാക്കി വിൽക്കുമ്പോൾ കിലോക്ക് അഞ്ച് രൂപ അധികം വരും. കേരളത്തിൽ കോഴി ഉത്പാദനത്തിന് സർക്കാർ പല പദ്ധതികളും ആവിഷ്കരിച്ചെങ്കിലും ഇപ്പോഴും തമിഴ്നാടാണ് ഇവിടത്തെ മാർക്കറ്റ് നിയന്ത്രിക്കുന്നത്. കൊട്ടിഘോഷിച്ച കേരള ചിക്കൻ പദ്ധതിക്കൊന്നും വിപണിയിൽ ഇടപെടാനായില്ല. സംസ്ഥാനത്തെ ആഭ്യന്തര വിപണിയുടെ അമ്പത് ശതമാനം ഇറച്ചിക്കോഴി സംസ്ഥാനത്തിനകത്ത് തന്നെ ഉത്പാദിപ്പിക്കാനാണ് കുടുംബശ്രീ വഴി കേരള ചിക്കൻ പദ്ധതി നടപ്പിലാക്കിയത്.
ALSO READ: ഇന്ത്യൻ പൗരര്‍ക്ക് പോളണ്ട് അതിർത്തിയിൽ പുതിയ പ്രവേശന മാര്‍ഗം ; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി