കോട്ടയം: സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്താൻ കൈക്കൂലി ആവശ്യപ്പെട്ട കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ വിജിലൻസ് പിടികൂടി. മുണ്ടക്കയം സ്വദേശിയിൽ നിന്നും ഹെർണിയ ഓപ്പറേഷന് 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ട സർജൻ ഡോ എംഎസ് സുജിത് കുമാറാണ് പിടിയിലായത്. ഓപ്പറേഷന് മുൻപ് രോഗിയെ വീട്ടിൽ വിളിച്ചു വരുത്തുകയും കൺസൾട്ടേഷൻ റൂമിൽ വച്ച് 2000 രൂപ കൈപ്പറ്റുകയും ചെയ്തു.
ഈ മാസം 18 ന് ഓപ്പറേഷൻ നടത്തി തുടർന്ന് പോസ്റ്റ് ഓപ്പറേഷൻ വാർഡിൽ വിശ്രമത്തിലിരിക്കെ രോഗിയുടെ മകനോട് ബാക്കി 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് വിജിലൻസിന് നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി. വീട്ടിൽ വച്ച് 3000 രൂപ വാങ്ങുന്നതിനിടെ വിജിലൻസ് സുജിത് കുമാറിനെ പിടികൂടുകയായിരുന്നു. കോട്ടയം വിജിലൻസ് എസ്.പി പി.ജി. വിനോദ് കുമാറിന്‍റെ നിർദ്ദേശാനുസരണം വിജിലൻസ് റേഞ്ച് ഡിവൈഎസ്‌പി പിവി മനോജ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ഡോ സുജിത് കുമാറിനെ അറസ്റ്റ് ചെയ്തത്.
Also Read: എക്സൈസ് ഓഫിസുകളിൽ വിജിലന്‍സ് പരിശോധന ; കൈക്കൂലി പിടിച്ചെടുത്തത് 10.23 ലക്ഷം