കോട്ടയം: കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ പൊതുസമ്മതനെ സ്ഥാനാര്‍ഥിയാക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഏപ്രിലിൽ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ സൂചന നൽകിയതിന് പിന്നാലെ ഉമ്മൻ ചാണ്ടി ജോസ് കെ.മാണിയെ പാലായിൽ വീട്ടിലെത്തി സന്ദർശിച്ചു. കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. കുട്ടനാട് കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റാണ് ഘടകകക്ഷികളുടെ സീറ്റ് തിരിച്ചെടുക്കുന്ന രീതി കോണ്‍ഗ്രസിനില്ല. കേരള കോണ്‍ഗ്രസില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുട്ടനാട്ടില്‍ പൊതുസമ്മതനെ സ്ഥാനാര്‍ഥിയാക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
പി.റ്റി ചാക്കോ ഫൗണ്ടേഷൻ ഏർപ്പടുത്തിയ പുരസ്ക്കാര സമർപ്പണത്തിനെത്തിയപ്പോഴായിരുന്നു ഉമ്മൻ ചാണ്ടി - ജോസ് കെ. മാണി ചർച്ച. കേരളാ കോൺഗ്രസ് എമ്മില്‍ ജോസഫ് - ജോസ് കെ മാണി വിഭാഗങ്ങൾ സീറ്റിനായി വിട്ടുവീഴ്ച്ചയില്ലാതെ നിൽക്കുമ്പോഴാണ് ചർച്ച നടന്നത്. കെ.എം മാണിയുടെ വിയോഗത്തോടെ ആരംഭിച്ച കേരള കോണ്‍ഗ്രസ് എമ്മിലെ തമ്മിലടി മൂലം പാലാ മണ്ഡലം കൈവിട്ടുപോയതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് കുട്ടനാട് സീറ്റ് നേരിട്ട് ഏറ്റെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു കോണ്‍ഗ്രസ്. ഇതിനെതിരെ ജോസഫ്, ജോസ് പക്ഷങ്ങൾ രംഗത്തെത്തിയിരുന്നു.